യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തല്ലിച്ചതച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ്. ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന പ്രസംഗമെല്ലാം കഴിഞ്ഞ് അവസാനമാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറിയത്. പാര്‍ലമെന്റ് മാര്‍ച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ബാരിക്കേഡുകള്‍ അടക്കം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി ചാര്‍ജ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. ബിവി ശ്രീനിവാസ് പൊലീസ് കസ്റ്റഡിയിലാണ്. വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം, എന്‍ടിഎ പിരിച്ചുവിടണം, അഗ്‌നിവീര്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്ന് രണ്ട് പേരെ സി ബി ഐ ഇന്ന് അറസ്റ്റ് ചെയ്തു. പാട്‌ന സ്വദേശികളായ മനീഷ് കുമാര്‍, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഒരു അറസ്റ്റ് ഉണ്ടാകുന്നത്. ഇരുവരെയും ഇന്ന് സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ മനീഷ് കുമാര്‍ തന്റെ കാറില്‍ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ചെന്നും അവിടെ വെച്ചാണ് ചോദ്യ പേപ്പര്‍ ഇവര്‍ക്ക് ലഭിച്ചത് എന്നുമാണ് സി ബി ഐ പറയുന്നത്. ചോദ്യപേപ്പര്‍ അനുസരിച്ചുള്ള ഉത്തരങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീട് താവളമാക്കി വിട്ടുനല്‍കി എന്നതാണ് അശുതോഷിന്റെ പേരിലുള്ള കുറ്റം.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളാണ് സിബിഐ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ലേണിംഗ് ആപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നോട്ടീസ് അയച്ചു. അതിനിടെ എന്‍ടിഎ കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആറ് കേന്ദ്രങ്ങളിലായി 1563 ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുനഃപരീക്ഷ നടത്തിയിരുന്നു.
1563 ഉദ്യോഗാര്‍ത്ഥികളില്‍ 813 പേര്‍ ഇന്ന് വീണ്ടും പരീക്ഷയെഴുതി. 750 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാനെത്തിയില്ല. മേഘാലയ, ഹരിയാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളില്‍ പരീക്ഷ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് സമയനഷ്ടത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് എന്‍ടിഎ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പുനഃപരീക്ഷ നടത്തിയത്.












Click it and Unblock the Notifications