നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു മലയാളി ശ്രീനന്ദിന് അടക്കം 17 പേര്‍ക്ക് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സുപ്രീം കോടതി നിര്‍ദേശപ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എന്‍ടിഎ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മിളിന് അടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശിയാണ് ശ്രീനന്ദ്. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 61 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്.
സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. 720 മാര്‍ക്ക് നേടിയ 17 പേരാണ് ഇത്തവണയുള്ളത്. ഫിസിക്‌സ് പരീക്ഷയിലെ മാര്‍ക്കിലാണ് മാറ്റങ്ങള്‍ വന്നത്. പുനര്‍മൂല്യ നിര്‍ണയത്തില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയുകയും ചെയ്തു.

പുതിയ പട്ടിക വന്നതോടെ 1600 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നല്‍കിയ മാര്‍ക്ക് കുറയ്ക്കാന്‍ നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹി ഐഐടിയില്‍ നിന്ന് വിദഗ്ധാഭിപ്രായം ലഭിച്ച ശേഷമായിരുന്നു മാര്‍ക്കുകള്‍ കുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ഫിസിക്‌സ് ചോദ്യവുമായി ബന്ധപ്പെട്ടുള്ള രണ്ട് ഓപ്ഷനുകള്‍ ശരിയായ ഉത്തരമായി കാണാനാവില്ലെന്നും കോടതി ഇതേ തുടര്‍ന്ന് അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹി ഐഐടിയുടെ റിപ്പോര്‍ട്ടിലെ വാദങ്ങള്‍ അംഗീകരിക്കുന്നതായും, നീറ്റ് യുജി ഫലം അതിന്റെ അടിസ്ഥാനത്തില്‍ മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ വ്യത്യാസം വന്നിട്ടുണ്ട്.












Click it and Unblock the Notifications