നീറ്റ്-യുജി ക്രമക്കേട്; 1500 കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് പുനപരിശോധിക്കും, ഇതിനായി നാലംഗ സമിതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ നടന്നെന്ന് ആരോപണം നിഷേധിച്ച് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) രംഗത്ത്. എന്നാൽ 1,500-ലധികം ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നാലംഗ സമിതി രൂപീകരിച്ചതായി എൻടിഎ ശനിയാഴ്‌ച അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം.
ഇതിനൊപ്പം ക്രമക്കേടുകൾ നടന്നെന്ന ആരോപണം തള്ളിയ നാഷണൽ ടെസ്‌റ്റിങ് ഏജൻസി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ വരുത്തിയ മാറ്റങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ സമയം നഷ്‌ടപ്പെടുന്നതിന് നൽകിയ ഗ്രേസ് മാർക്കുകളും ഉൾപ്പെടെ വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടിയതിന് പിന്നിലെ ചില കാരണങ്ങളാണെന്ന് അവർ പറയുന്നു.

പരീക്ഷയിൽ 67 പേർ ഒന്നാം റാങ്ക് പങ്കിടുന്നതിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച ആരോപണത്തെ തുടർന്നാണ് ഗ്രേസ് മാർക്ക് പരിശോധിക്കൽ നടപടി. ആറ് പരീക്ഷാ കേന്ദ്രങ്ങളിൽ സമയനഷ്ടം നികത്താൻ ഗ്രേസ് മാർക്ക് നൽകിയത് മാർക്ക് കുതിച്ചുയരുന്നതിന് കാരണമായെന്നും മറ്റ് വിദ്യാർത്ഥികളുടെ സാധ്യതകൾ അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് പുനപരീക്ഷ നടത്തണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
മേഘാലയ, ഹരിയാനയിലെ ബഹദൂർഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോദ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകിയത്. ജൂൺ നാലിനാണ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഈ വർഷം 24 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
"1500ലധികം ഉദ്യോഗാർത്ഥികളുടെ ഫലം അവലോകനം ചെയ്യാൻ ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്. മുൻ യുപിഎസ്‌സി ചെയർമാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഒരാഴ്‌ചയ്ക്കകം ശുപാർശകൾ സമർപ്പിക്കും, അതിനാൽ ഈ ഉദ്യോഗാർത്ഥികളുടെ ഫലം മാറാൻ സാധ്യതയുണ്ട്" എൻടിഎ ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ മാർക്ക് ക്രമക്കേട് ആരോപിച്ചു രംഗത്ത് വന്നിരുന്നു. ഒരേ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള ആറ് പേർ ഉൾപ്പെടെ 67 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം എൻടിഎ നിഷേധിക്കുകയായിരുന്നു. പരീക്ഷ വീണ്ടും നടത്തുമോ എന്ന ചോദ്യത്തിന് ഉന്നതാധികാര സമിതിയുടെ ശുപാർശ വന്ന ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു എൻടിഎയുടെ മറുപടി.












Click it and Unblock the Notifications