നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ 6 ലക്ഷത്തിന് ഡാർക്ക് വെബ്ബിൽ; അന്വേഷണം ശക്തമാക്കി സിബിഐ, പ്രതിഷേധം
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂൺ 18ന് നടന്ന യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് തന്നെ ചോർന്നതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച്, യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ഡാർക്ക് വെബിലും എൻക്രിപ്റ്റ് ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏതാണ്ട് 6 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
നേരത്തെ പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. യുജിസി-നെറ്റ് പരീക്ഷയുടെ നടത്തപ്പിന് ഭംഗം വരുത്തിയതിന് സിബിഐ കേസെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസെടുത്തതെന്ന് സിബിഐ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം നിലവിൽ വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി മത്സര പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുമായി (എൻടിഎ) സിബിഐ സഹകരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ നിരവധി കോച്ചിംഗ് സെന്ററുകൾ നിരീക്ഷണത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഈ പരിശീലന കേന്ദ്രങ്ങളിൽ ചിലത് സിബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, പരീക്ഷാ നടത്തിപ്പുകാരായ എൻടിഎയുടെ പ്രവർത്തനം പരിശോധിക്കാനും പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യാനും സർക്കാർ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് അറിയിച്ചു.
അതേസമയം, യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. നീറ്റ്-യുജി 2024 പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വെള്ളിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുകയും സിറ്റിംഗ് സുപ്രീം കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും ഉണ്ടായതായി ആരോപണമുയർന്നതിന് പിന്നാലെ പല ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹർജികളും പലരും നൽകിയിട്ടുണ്ട്. പരീക്ഷയിലെ ക്രമക്കേടിനെതിരെ ചണ്ഡീഗഢ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു. ബീഹാറിൽ ഉൾപ്പെടെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുപി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.












Click it and Unblock the Notifications