അയോധ്യ മസ്ജിദിന് തടസങ്ങള്‍ നീങ്ങി; ഇനി പള്ളി നിര്‍മിക്കാം... ബാബരി മസ്ജിദിനേക്കാള്‍ വലിയ പള്ളി
റമദാന്‍ മാസത്തിന് ശേഷം ട്രസ്റ്റ് യോഗം ചേര്‍ന്ന് പള്ളി നിര്‍മാണത്തിന്റെ കരട് രേഖയ്ക്ക് അന്തിമ അനുമതി നല്‍കി, നിര്‍മാണം തുടങ്ങാനാണ് ധാരണ

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ വേണ്ട എല്ലാ തടസങ്ങളും നീങ്ങി. കൃഷി ഭൂമി തരം മാറ്റന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് അയോധ്യ വികസന അതോറിറ്റി അംഗീകാരം നല്‍കി. പള്ളി നിര്‍മിക്കാന്‍ അതോറിറ്റി അനുമതി നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുന്ന വേളയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കാന്‍ അനുവദിച്ചത്. എന്നാല്‍ കൃഷി ഭൂമിയായതിനാല്‍ നിര്‍മാണം സാധ്യമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് യുപി സര്‍ക്കാര്‍ നടപടിയെടുത്തത്.
സുപ്രീംകോടതി വിധി പ്രസ്താവിച്ച് മൂന്ന് വര്‍ഷമായിട്ടും പള്ളി നിര്‍മാണത്തിന് തടസങ്ങള്‍ നിലനില്‍ക്കുന്നു എന്ന വാര്‍ത്ത ദി ഹിന്ദു ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രം ഈ വര്‍ഷം അവസാനത്തോടെ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു റിപ്പോര്‍ട്ട്.
2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. ബാബരി മസ്ജിദ് പൊളിച്ചതും അനുബന്ധ കാര്യങ്ങളുമെല്ലാം തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രമ്യമായ പരിഹാരം എന്ന നിലയിലാണ് പള്ളി നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് കോടതി കൈമാറിയത്. പകരം മുസ്ലിം പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ സ്ഥലം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

ക്ഷേത്രം നിര്‍മിക്കുന്നതിന്റെ 25 കിലോമീറ്റര്‍ അകലെയാണ് പള്ളിക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡിനാണ് സ്ഥലം കൈമാറിയത്. ഇത് സ്വീകരിക്കുന്ന വിഷയത്തില്‍ മുസ്ലിം സംഘടനാ നേതാള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നു.
ധാനിപൂരില്‍ സ്ഥലം അനുവദിച്ച പിന്നാലെ ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് സുന്നി വഖഫ് ബോര്‍ഡ് രൂപീകരിച്ചു. മസ്ജിദേ അയോധ്യ എന്നാണ് പുതിയ പള്ളിയുടെ പേര്. പള്ളി നിര്‍മാണത്തിനുണ്ടായിരുന്ന എല്ലാ തടസങ്ങളും നീക്കി അനുമതി നല്‍കിയത് വെള്ളിയാഴ്ചയാണെന്ന് അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു.
പള്ളി നിര്‍മാണത്തിന്റെ കരട് രേഖയ്ക്ക് അന്തിമ രൂപം നല്‍കാന്‍ റമദാന്‍ മാസം കഴിഞ്ഞാല്‍ ട്രസ്റ്റ് യോഗം ചേരുമെന്ന് ട്രസ്റ്റ് അംഗം അര്‍ഷദ് അഫ്‌സല്‍ ഖാന്‍ പറഞ്ഞു. 2021 ജനുവരി 26ന് പള്ളി നിര്‍മാണത്തിന് തറക്കല്ലിട്ടിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തടസം കാരണം മറ്റു കാര്യങ്ങള്‍ നടന്നില്ല. ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കും പുതിയ പള്ളി എന്നും അദ്ദേഹം പറഞ്ഞു. പള്ളിയോട് ചേര്‍ന്ന് ആശുപത്രിയും നിര്‍മിക്കാനാണ് പദ്ധതി.












Click it and Unblock the Notifications