പുതിയ ക്രിമിനല്‍ നിയമത്തില്‍ ആദ്യ കേസ് മധ്യപ്രദേശില്‍, വാഹനമോഷണത്തില്‍ കേസെടുത്തെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമം നിലവില്‍ വന്നതിന് പിന്നാലെ ആദ്യ കേസ് മധ്യപ്രദേശില്‍. നേരത്തെ ഡല്‍ഹിയില്‍ ആണെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആദ്യ കേസ് മധ്യപ്രദേശിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച്ച അര്‍ധരാത്രി 12.10നാണ് കേസെടുത്തിരിക്കുന്നത്. വാഹന മോഷണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്. 1.80 ലക്ഷത്തിന്റെ ബൈക്കാണ് മോഷണം പോയതെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തത്. ഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്സിലെ സെക്ഷന്‍ 285 പ്രകാരമാണ് എഫ്‌ഐആര്‍..
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ബ്രിഡ്ജിലെ വ്യാപാരവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. റോഡ് തടസ്സപ്പെടുത്തി വ്യാപാരം നടത്തിയെന്നാണ് പോലീസ് ആരോപിക്കുന്നത്. പുതിയ വകുപ്പുകള്‍ പ്രകാരം അയ്യായിരം രൂപയാണ് ഈ വകുപ്പുകള്‍ക്ക് പിഴയീടാക്കുക.
അതേസമയം കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കച്ചവടക്കാരന്‍ വെള്ളക്കുപ്പികളും, ഗുട്കയും റോഡില്‍ വില്‍ക്കുന്നത് കണ്ടത്. ഇത് റോഡ് തടസ്സപ്പെടുത്തി കൊണ്ടായിരുന്നു. എത്ര ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാഹനം നീക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.
ബീഡിയും സിഗരറ്റും, വെള്ളവും അടക്കം ഇയാള്‍ ഉന്തുവണ്ടിയില്‍ വിറ്റിരുന്നു. എന്നാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. യാത്ര ചെയ്യാനുള്ള തടസ്സം മാറ്റാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ വീഡിയോയെടുത്ത് അപ്ലോഡ് ചെയ്ത ശേഷം കേസ് എടുക്കുകയായിരുന്നു. ബീഹാറിലെ പട്‌നയില്‍ നിന്നുള്ള പങ്കജ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം പുതിയ ക്രിമിനല്‍ നിയമം ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ എഫ്‌ഐആറുകള്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്താണ് രജിസ്റ്റര്‍ ചെയ്യുകയെന്ന് സ്‌പെഷ്യല്‍ സിപി ഛായ ശര്‍മ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍, ഫോറന്‍സിക് വിദഗ്ധരുടെ കൂടുതല്‍ സേവനം എന്നിവ പുതിയ നിയമത്തില്‍ പ്രാധാന്യമേറുമെന്നും അവര്‍ പറഞ്ഞു.
ഒരു ബുക്ക്‌ലെറ്റ് ഞങ്ങല്‍ തയ്യാറാക്കിയിട്ടുണ്ട്. അത് നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ ഐപിസി മുതല്‍ ബിഎന്‍എസ് വരെയുള്ള നിയമങ്ങളുണ്ട്. പുതിയ നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ചില കാറ്റഗറികളില്‍ ഏഴ് വര്‍ഷത്തിന് താഴെ വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പറയുന്നത്.
മറ്റൊരു പട്ടികയില്‍ നിത്യേന ചെയ്യേണ്ട പോലീസ് കാര്യങ്ങളെ കുറിച്ചാണ് ഉള്ളതെന്നും ഛായ ശര്‍മ എഎന്‍ഐയോട് പ്രതികരിച്ചു. 2023 ഡിസംബറിലാണ് പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കി പുതിയ ക്രിമിനല്‍ നിയമമായത്.
കൊളോണിയല്‍ കാലത്തെ നിയമങ്ങളെ ഉടച്ചുവാര്‍ക്കുന്നതാണ് ഈ നിയമങ്ങളെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ തന്നെ തയ്യാറാക്കിയ നിയമങ്ങളാണിതെന്ന് അമിത് ഷാ ബില്‍ പാസാക്കുന്ന വേളയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications