പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിലെത്തും; കേന്ദ്രം വിജ്ഞാപനമിറക്കി
ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങള്‍ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിമയം എന്നിവ പ്രാബല്യത്തില്‍ വരും.
നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ പതിനൊന്ന് ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ശൈത്യകാല സമ്മേനത്തില്‍ അവതരിപ്പിച്ച് പുതിയ ബില്ലുകള്‍ സഭ പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഡിസംബര്‍ 25ന് ഇവയ്ക്ക് അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളാവുകയായിരുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും, കുറ്റപത്ര സമര്‍പ്പണവും അടക്കമുള്ളവുമുള്ള നടപടികള്‍ക്ക് സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം തീവ്രവാദം, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് കടുത്ത ശിക്ഷകളായിരിക്കും ലഭിക്കുക.
അതേസമയം ഭാരത് ന്യായ് സംഹിതയിലെ 106ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ ശിക്ഷ വ്യക്തമാക്കുന്ന വകുപ്പാണ് മരവിപ്പിച്ചത്. ഈ വകുപ്പിനെതിരെ ഉത്തരേന്ത്യയില്‍ ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നടക്കം പ്രതിഷേധം നേരിട്ടിരുന്നു. ഇതോടെ ഉപവകുപ്പ് റദ്ദാക്കിയിരിക്കുന്നത്.
പുതിയ നിയമത്തെ കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ സര്‍വകലാശാലകളോടും ഹയര്‍ എഡുക്കേഷന്‍ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ കൂടിയുള്ള നീക്കമാണിത്. ഈ നിയമങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാവുമെന്നും, പോലീസ് സ്‌റ്റേറ്റിനെ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതെല്ലാം പോലീസ് ഭരണം കൊണ്ടുവരാനാണെന്നും, സാധാരണക്കാരെ ദ്രോഹിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളില്‍ അടക്കം ഉള്ള ഇത്തരം തെറ്റിദ്ധാരണങ്ങളെ ഇല്ലാതാക്കാനാണ് സര്‍വകലാശാലകളില്‍ തന്നെ ഇവയെ കുറിച്ച് പ്രചാരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications