ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി
ബെംഗളൂരു: നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി സബർബൻ റെയിൽ പദ്ധതി അതിന്റെ രണ്ട് ഇടനാഴികൾക്കായി യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്‌റ്റം (ഇടിസിഎസ്) ലെവൽ 2 സ്വീകരിക്കാൻ ഒരുങ്ങുകയാണ്. സിഗ്നലിംഗ്, ട്രെയിൻ കൺട്രോൾ സിസ്‌റ്റത്തിന് ജിഎസ്‌ടിയും കസ്‌റ്റംസ് തീരുവയും ഒഴികെ 1017 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ കെ-റൈഡ് ബെംഗളൂരുവിൽ ആദ്യമായി അവതരിപ്പിക്കുന്ന സംവിധാനത്തിനായി ഒരു ടെൻഡർ വിളിച്ചിട്ടുണ്ട്.
നമ്മ മെട്രോയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായി കമ്മ്യൂണിക്കേഷൻ അധിഷ്‌ഠിത ട്രെയിൻ കൺട്രോൾ (സിബിടിസി) ഉപയോഗിച്ചാണ് പദ്ധതി ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ കെ-റൈഡ് പിന്നീട് യൂറോപ്യൻ റെയിൽവേ സിഗ്നലിംഗ് സംവിധാനം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്‌റ്റിൽ ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചു, ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്റ്റിന്റെ നാല് ഇടനാഴികളിലും ഇടിസിഎസ് ലെവൽ 2 മതിയെന്ന് തീരുമാനമാവുകയായിരുന്നു.

തത്സമയ വിവരങ്ങൾ നൽകുന്നതിലൂടെയും ട്രെയിൻ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലൂടെയും പുതിയ സംവിധാനം റെയിൽവേ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്റെ വേഗതയ്ക്കും നീക്കത്തിനും മേൽനോട്ടം വഹിക്കാനും അപകടസാധ്യത കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. ഈ സാങ്കേതികവിദ്യ സബർബൻ റെയിൽ ശൃംഖലയുടെ ഭാവി വിപുലീകരണത്തിനും അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ മല്ലിഗെ ലൈൻ എന്നറിയപ്പെടുന്ന ഇടനാഴി 2, കനക ലൈൻ എന്നറിയപ്പെടുന്ന ഇടനാഴി 4 എന്നിവ ടെൻഡറിൽ ഉൾപ്പെടുന്നു. 25 കിലോമീറ്റർ ദൈർഘ്യമുള്ള മല്ലിഗെ ലൈൻ ബൈയപ്പനഹള്ളി ടെർമിനലിനെ ചിക്കബനവരയുമായി ബന്ധിപ്പിക്കുന്നതാണ്. കരാറുകാരെ തിരഞ്ഞെടുത്ത് 21 മാസത്തിനുള്ളിൽ അതിന്റെ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
46 കിലോമീറ്റർ നീളമുള്ള കനക ലൈൻ ഹീലാലിഗയെ രാജൻകുണ്ടെയുമായി ബന്ധിപ്പിക്കും. 30 മാസത്തിനുള്ളിൽ ഈ ഇടനാഴിയുടെ സിഗ്നലിംഗ് സംവിധാനവും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി സബർബൻ റെയിൽ പദ്ധതിക്കായി 51 ട്രെയിനുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.
ഓരോ ട്രെയിനിലും മൂന്ന് കോച്ചുകൾ ഉണ്ടാകും, അവ സ്‌റ്റെയിൻലെസ് സ്‌റ്റീൽ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയുള്ള ഈ ട്രെയിനുകൾക്ക് ഒരേസമയം 350 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ആദ്യ നാല് ട്രെയിനുകൾ 2027-28 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യാനാണ് തീരുമാനം. തുടർന്ന് ശേഷിക്കുന്ന ട്രെയിനുകളും വേഗത്തിൽ കൈമാറാനാണ് നിലവിലെ ധാരണ.


Click it and Unblock the Notifications
