ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിലേക്ക് പുതിയ ട്രെയിൻ; പരിശോധന തുടരുന്നു, ഇനി കാത്തിരിപ്പ് സമയം കുറയും
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലേക്ക് കൂടുതൽ ട്രെയിനുകൾ കൂട്ടിച്ചേർത്ത് ബിഎംആർസിഎൽ. ചൈനീസ് കമ്പനിയായ സിആർആർസിയും പശ്ചിമ ബംഗാൾ ആസ്ഥാനമായ ടിറ്റാഗർ റെയിൽ സിസ്‌റ്റംസ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച നാലാമത്തെ പുതിയ ട്രെയിനാണ് എത്തിയത്. ആറ് കോച്ചുകളുള്ള ട്രെയിൻ ഓഗസ്‌റ്റ് 20ന് പീന്യ ഡിപ്പോയിൽ ഇറക്കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
ട്രെയിനിന്റെ എല്ലാ ഗാംഗ്‌വേകൾ, കപ്ലറുകൾ, കറന്റ് കളക്‌ടർ ഡിവൈസുകൾ എന്നിവ ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയതിന് പിന്നാലെ ട്രെയിൻ ടെസ്‌റ്റ് ട്രാക്കിലേക്ക് മാറ്റി. നിലവിൽ ഇൻസ്പെക്ഷൻ ബേ ലൈൻ കേന്ദ്രീകരിച്ച് വിവിധ പരിശോധനകൾ നടക്കുകയാണ്. പുതിയ ട്രെയിനുകളുടെ യാത്രാ സർവീസ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതി നടപടികളും പുരോഗമിക്കുകയാണ്.

ഈ മാസം ആദ്യം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ (സതേൺ സർക്കിൾ) പുതിയ ട്രെയിനുകൾ പരിശോധിച്ചിരുന്നു. യാത്രക്കാരെ കയറ്റിയുള്ള സർവീസിന് അനുമതി നൽകുന്നതിന് മുമ്പുള്ള നിർണായക ഘട്ടമാണിത്. ഇതുവരെ മൂന്ന് പുതിയ ട്രെയിനുകൾ ലഭിച്ചിട്ടുണ്ട്. ഇവ ഡിടിജി സിഗ്നലിങ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
2027 മാർച്ചോടെ 17 ട്രെയിനുകൾ കൂടി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിനുകൾ സർവീസിലെത്തുന്നതോടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ പർപ്പിൾ ലൈനിൽ 33 ട്രെയിനുകളും ഗ്രീൻ ലൈനിൽ 24 ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്.
പുതുതായി ലഭിക്കുന്ന 21 പുതിയ ട്രെയിനുകളും ഗ്രീൻ ലൈനിൽ സർവീസ് നടത്താനാണ് ബിഎംആർസി പദ്ധതിയിടുന്നത്. നിലവിൽ ഗ്രീൻ ലൈനിൽ സർവീസ് നടത്തുന്ന 24 ട്രെയിനുകളിൽ 17 എണ്ണം ലിവറി മാറ്റി പർപ്പിൾ ലൈനിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പർപ്പിൾ ലൈനിലെ ട്രെയിനുകളുടെ എണ്ണം 50 ആയും ഗ്രീൻ ലൈനിലേത് 28 ആയും ഉയരും.
പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇരുവഴികളിലെയും സർവീസ് ശേഷി വർധിപ്പിച്ച് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരാണ് ബെംഗളൂരു മെട്രോ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ വർധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കും മെട്രോയുടെ ആവശ്യകത ഉയർത്തിയിട്ടുണ്ട്.




Click it and Unblock the Notifications