'പുതിയ വീഞ്ഞ്, പഴയ കുപ്പി'; രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിയുമായി ചേർന്ന് വോട്ടർമാരെ വഞ്ചിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണങ്ങളെ പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചത്. വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.
2018-ൽ കോൺഗ്രസ് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാന പട്ടികയിലെ പിഴവുകൾ സംബന്ധിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് നൽകിയ ഹർജി ഉൾപ്പെടെ ഇസിഐ പരാമർശിച്ചു. വോട്ട് ഇരട്ടിപ്പ് ചൂണ്ടിക്കാട്ടി അന്ന് വോട്ടർ പട്ടികയിലേക്ക് പരിശോധിക്കാനുള്ള ആക്‌സസ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് നിരസിച്ചിരുന്നു.

അതാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു കമ്മീഷന്റെ പ്രതികരണം. 'ഇപ്പോൾ, 2025ൽ കോടതിയിൽ അതേ തന്ത്രം പ്രയോഗിക്കാൻ കഴിയില്ലെന്ന് അറിയാവുന്ന അവർ, വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.. ഒരേ പേരുകൾ വ്യത്യസ്‌ത സ്ഥലങ്ങളിൽ വരുന്നുണ്ടെന്ന് പറഞ്ഞ്..' കമ്മീഷൻ പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.
മൂന്ന് വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ആദിത്യ ശ്രീവാസ്‌തവ എന്ന വോട്ടറുടെ പേര് തിരഞ്ഞെടുപ്പ് പാനൽ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്‌തു. 'വാസ്‌തവത്തിൽ, ഇയാളുടെ പേര്... മാസങ്ങൾക്ക് മുമ്പ് തിരുത്തിയിരുന്നു' കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയുടെ തിരയാവുന്ന പതിപ്പ് വേണമെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ആവശ്യത്തെയും കമ്മീഷൻ വിമർശിച്ചു.
സാധ്യമായ തനിപ്പകർപ്പുകളോ മറ്റ് പിശകുകളോ എടുത്തുകാണിക്കുന്നതിന് പേരുകളും വിലാസങ്ങളും സ്‌കാൻ ചെയ്യാൻ അനുവദിക്കുന്ന ഒരു ഫോർമാറ്റിൽ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ കമൽനാഥ് വിഷയത്തിൽ മറുപടി കിട്ടിയിട്ടും ഇത് ആവർത്തിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സുപ്രീം കോടതിയെയും ബഹുമാനമില്ല എന്നാണ് അർത്ഥമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണം
ഇന്ത്യയിലെ പ്രതിപക്ഷ കൂട്ടായ്‌മകളുടെ യോഗത്തിലാണ് വ്യാപകമായ വോട്ടർ തട്ടിപ്പ് നടത്തിയെന്ന തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി, രാഹുൽ ഗാന്ധി പവർപോയിന്റ് പ്രസന്റേഷനുകൾ നടത്തിയത്. 2024 മെയ് മാസത്തിൽ കർണാടകയിൽ തന്റെ പാർട്ടിക്ക് ഏഴ് ലോക്‌സഭാ സീറ്റുകൾ നഷ്‌ടപ്പെട്ടുവെന്നും നവംബറിൽ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ മണ്ഡലങ്ങൾ ഉദാഹരണ സഹിതം രാഹുൽ ഗാന്ധി യോഗത്തിൽ എടുത്തുപറയുകയും തെളിവുകൾ നിരത്തുകയും ചെയ്‌തിരുന്നു. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ ആഭ്യന്തര അന്വേഷണം കേന്ദ്രീകരിച്ചുവെന്നും 1.02 ലക്ഷം കള്ളവോട്ട് ഇവിടെ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റ് ഒടുവിൽ ബിജെപിയുടെ പിസി മോഹൻ വിജയം നേടിയിരുന്നു.; കോൺഗ്രസിന്റെ മൻസൂർ അലി ഖാനെ 32,707 വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം തുടർച്ചയായി നാലാം തവണയും വിജയിച്ചു കയറിയിരുന്നു. എന്നാൽ ഇത് കള്ളവോട്ടിന്റെ സഹായത്തോടെയാണ് എന്നാണ് രാഹുലും കോൺഗ്രസും ആരോപിക്കുന്നത്.












Click it and Unblock the Notifications