എൻഡിഎ 400 എന്ന മന്ത്രിക സംഖ്യ തൊടും; മോദി ഗ്യാരന്റി കൊള്ളേണ്ടിടത്ത് കൊണ്ടു, ന്യൂസ്18 സർവേ ഫലം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ്18 പുറത്തുവിട്ട ഒപ്പീനിയൻ പോളിൽ നരേന്ദ്ര മോദി സർക്കാരിന് അധികാര തുടർച്ച ലഭിക്കുമെന്ന് പ്രവചനം. ഹാട്രിക് വിജയത്തിലേക്ക് എത്തുമ്പോൾ എൻഡിഎ സർക്കാർ നാനൂറിൽ അധികം സീറ്റുകൾ നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ആകെയുള്ള 543 സീറ്റുകളിൽ 411 സീറ്റുകളും സ്വന്തമാക്കിയാവും ബിജെപി ഇക്കുറി അധികാരത്തിൽ എത്തുക.
കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന്റെ സാധ്യതകളെ അപ്പാടെ ഇല്ലാതാക്കി കൊണ്ടുള്ള സർവേ ഫലത്തിൽ അവർ നേടുമെന്ന് പ്രവചിച്ചത് കേവലം 105 സീറ്റുകൾ മാത്രമാണ്. മറ്റുള്ളവർ 27 സീറ്റുകൾ നേടുമെന്നും സർവേ വ്യക്തമാക്കുന്നു. 2014, 2019 തിരഞ്ഞെടുപ്പുകളിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാവും എൻഡിഎയുടെ പട്ടാഭിഷേകം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടാതെ സമീപകാലത്ത് ഒന്നും തന്നെ പൊതുതിരഞ്ഞെടുപ്പുകളിൽ ഒരു മുന്നണിയും 400 സീറ്റുകൾ എന്ന ചരിത്രപരമായ നേട്ടം കുറിച്ചിട്ടില്ല. എൻഡിഎ ഇതിനുള്ള വഴി വെട്ടിതെളിക്കും എന്നാണ് സർവേ വ്യക്തമാക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ മാത്രമല്ല വോട്ട് വിഹിതത്തിലും എൻഡിഎ വ്യക്തമായ മുൻതൂക്കം നേടുമെന്നും സർവേയിൽ പറയുന്നു. 48 ശതമാനം വോട്ട് വിഹിതമാണ് എൻഡിഎക്ക് പ്രവചിക്കപ്പെടുന്നത്.
കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിന് 32 ശതമാനം വോട്ട് വിഹിതമാണ് കണക്കാക്കുന്നത്. എൻഡിഎ മുന്നണിയിൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി ബിജെപി ഒറ്റയ്ക്ക് 350 ലധികം സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. മുന്നണിയിലെ മറ്റ് പാർട്ടികൾ എല്ലാം ചേർന്ന് ശേഷിക്കുന്ന 61 സീറ്റുകൾ കൂടി സ്വന്തമാക്കും.
എന്നാൽ 2019 തിരഞ്ഞെടുപ്പിനേക്കാൾ പരിതാപകരമായിരിക്കും കോൺഗ്രസിന്റെ സ്ഥിതി. ഇക്കുറി 49 സീറ്റുകൾ മാത്രമേ പാർട്ടിക്ക് നേടാൻ കഴിയൂ. സഖ്യത്തിലെ മറ്റ് അംഗങ്ങൾ എല്ലാം ചേർന്ന് ഏതാണ്ട് 56 സീറ്റുകൾ നേടും. ഇക്കുറി പ്രതീക്ഷ സഖ്യത്തിന്റെ ബലത്തിൽ മത്സരത്തിന് ഇറങ്ങുന്ന കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാവില്ല എന്ന് മാത്രമല്ല ഉള്ള സീറ്റുകൾ നഷ്‌ടപ്പെടുക കൂടി ചെയുമെന്നാണ് സർവേയിൽ വ്യക്തമാക്കുന്നത്.
അതേസമയം, സംസ്ഥാനങ്ങൾ എടുത്ത് പരിശോധിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ സമ്പൂർണ ആധിപത്യം എൻഡിഎ സഖ്യത്തിനാണെന്ന് പ്രകടമാണ്. പതിവിൽ നിന്ന് വിപരീതമായി ഇക്കുറി ദക്ഷിണേന്ത്യയിൽ നിന്നും ബിജെപി സീറ്റുകൾ നേടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിൽ വൻ മുന്നേറ്റമാണ് ബിജെപിക്ക് പ്രവചിക്കുന്നത്, കൂടാതെ ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളും അവരെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ ആകെയുള്ള 48 സീറ്റുകളിൽ 41ഉം ബിജെപി കൈപ്പിടിയിൽ ഒതുക്കുമെന്നാണ് ന്യൂസ്18 ഒപീനിയൻ പോൾ പറയുന്നത്. കൂടാതെ പശ്ചിമ ബംഗാളിലും ഇക്കുറി ബിജെപിക്ക് മുന്നേറ്റമുണ്ടാകും എന്നാണ് സർവേയിൽ കാണിക്കുന്നത്. ഇവിടെ 25 സീറ്റുകൾ എൻഡിഎയും, 17 സീറ്റുകൾ തൃണമൂലും നേടുമ്പോൾ ഇന്ത്യ സഖ്യം സംപൂജ്യരാകും. ഇതുൾപ്പെടെ ബിജെപിയെ 400 സീറ്റുകൾ എന്ന മാന്ത്രിക സഖ്യത്തിലേക്ക് എത്തിക്കുമെന്നാണ് സർവേ പറയുന്നത്.












Click it and Unblock the Notifications