എല്ലാ സംസ്ഥാനങ്ങളെയും ബജറ്റില്‍ പരാമര്‍ശിക്കാനാവില്ലെന്ന് ധനമന്ത്രി: പാര്‍ലമെന്റില്‍ വാക്‌പോര്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. ബജറ്റ് വകയിരുത്തലില്‍ വലിയ വിവേചനം ഉണ്ടായെന്ന പ്രതിപക്ഷ വാദങ്ങളെ ധനമന്ത്രി തള്ളി. ബജറ്റ് പ്രസംഗത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും പരാമര്‍ശിക്കാനാവില്ലെന്ന് നിര്‍മല പറഞ്ഞു.
രാജ്യസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് ശേഷമാണ് സഭയില്‍ ധനമന്ത്രി സംസാരിച്ചത്. പ്രതിപക്ഷം ഇറങ്ങിപോയത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തെ ബഹുമാനിക്കാനെങ്കിലും അവര്‍ക്ക് സഭയില്‍ ഇരിക്കാമായിരുന്നു. എനിക്ക് എന്താണ് പറയാനുള്ളതെന്ന് അവര്‍ കേള്‍ക്കാന്‍ തയ്യാറാവണമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാതിപ്പെട്ടത് ബജറ്റ് പ്രസംഗത്തില്‍ രണ്ട് സംസ്ഥാനങ്ങളെ കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചത് എന്നാണ്. കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ചതാണ്. അവര്‍ ഒരുപാട് ബജറ്റുകളും അവതരിപ്പിച്ചതാണ്. അവര്‍ക്കറിയാം എല്ലാ ബജറ്റിലും എല്ലാ സംസ്ഥാനങ്ങളെയും പരാമര്‍ശിക്കാനാവില്ലെന്ന കാര്യം. മഹാരാഷ്ട്രയുടെ കാര്യം തന്നെയെടുക്കാം, അവരെ ഇടക്കാല ബജറ്റിലോ കഴിഞ്ഞ ദിവസത്തെ ബജറ്റിലെ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ മോദി സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ വധാവനിലില്‍ വലിയ തുറമുഖ ആരംഭിക്കാനുള്ള തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രയെ പരാമര്‍ശിക്കാത്തത് കൊണ്ട് അവരെ അവഗണിച്ചുവെന്നാണോ അര്‍ത്ഥം. മഹാരാഷ്ട്രയിലെ പദ്ധതിക്കായി 76000 കോടിയാണ് അനുവദിച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം എന്‍ഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് യാതൊന്നും നല്‍കുന്നില്ലെന്ന് ആരോപിക്കുന്നുണ്ട്. ഇത് തീര്‍ത്തും പ്രതിഷേധകരമായ ആരോപണമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റില്‍ യാതൊരു പ്രഖ്യാപനവുമില്ലെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നെ ചോദ്യം ചെയ്തിരുന്നു.
ബംഗാളിനായി ഒന്നും നല്‍കിയില്ലെന്നും പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി മോദി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ബംഗാളില്‍ അതൊന്നും നടപ്പാക്കിയിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്നോട് ചോദിക്കാനുള്ള ധൈര്യം എങ്ങനെ വന്നുവെന്നും ധനമന്ത്രി ചോദിച്ചു.
അതേസമയം കേന്ദ്രം ബംഗാളിന് ജിഎസ്ടി തുക അടക്കം നല്‍കാനുണ്ടെന്ന് ടിഎംസി അംഗങ്ങള്‍ ധനമന്ത്രിക്ക് മറുപടി നല്‍കി. വടക്കന്‍ ബംഗാളിലെ മാള്‍ഡയില്‍ വെള്ളപ്പൊക്കം നേരിടാന്‍ യാതൊന്നും കേന്ദ്രം അനുവദിച്ചിട്ടില്ല. ധനമന്ത്രി ബംഗാളിനോട് ഉദാരമനസ് കാണിച്ചില്ലെന്നും ടിഎംസി എംപി മോസം നൂര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രൂക്ഷമായി തന്നെ ബജറ്റിനെ വിമര്‍ശിച്ചു. ജനങ്ങളോട് കാണിച്ച തട്ടിപ്പാണ് ബജറ്റ്. ഒരു സംസ്ഥാനത്തിനും യാതൊന്നും ലഭിച്ചില്ല. എന്നാല്‍ രണ്ട് സംസ്ഥാനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയാണ് ലഭിച്ചതെന്ന് ആന്ധ്രപ്രദേശിനെയും ബീഹാറിനെയും പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട് ഖാര്‍ഗെ പറഞ്ഞു.
തമിഴ്‌നാടിനോ കേരളത്തിനോ കര്‍ണാടകത്തിനോ മഹാരാഷ്ട്രയ്‌ക്കോ പഞ്ചാബിനോ ഹരിയാനയ്‌ക്കോ ഡല്‍ഹിക്കോ, അങ്ങനെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്കൊന്നും ബജറ്റില്‍ യാതൊന്നും ലഭിച്ചിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
അതേസമയം തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയും സ്പീക്കര്‍ ഓം ബിര്‍ളയും തമ്മില്‍ ബജറ്റ് ചര്‍ച്ചകള്‍ക്കിടെ വാക്‌പോരുണ്ടായി. കര്‍ഷകരുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് കാര്‍ഷിക ബില്ലുകള്‍ കേന്ദ്ര പാസാക്കിയതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. ഇതിനിടയിലാണ് സ്പീക്കര്‍ ഇടപെട്ടത്.
അഞ്ചര മണിക്കൂര്‍ സഭ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ തന്റെ വാദത്തില്‍ അഭിഷേക് ഉറച്ചുനിന്നു. ഇതോടെ രോഷത്തോടെയാണ് സ്പീക്കര്‍ സംസാരിച്ചത്. സ്പീക്കര്‍ സംസാരിക്കുമ്പോള്‍ അത് ശരിയായ കാര്യമായിരിക്കും. നിങ്ങള്‍ തിരുത്താന്‍ നോക്കൂ എന്നായിരുന്നു മറുപടി. ഞാന്‍ സംസാരിക്കുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പറയാറില്ലെന്ന് അഭിഷേക് തുറന്നടിച്ചു.












Click it and Unblock the Notifications