'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുക 2034ന് ശേഷം മാത്രം'; അഭ്യൂഹങ്ങൾ തള്ളി നിർമല സീതാരാമൻ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ തള്ളി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ ഈ പദ്ധതി നടപ്പാക്കില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ഇത്തരത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കുക വഴിയുണ്ടാവുന്ന വൻ തുകയുടെ ലാഭത്തെ കുറിച്ച് ഉൾപ്പെടെ ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കുകയുണ്ടായി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉദാഹരണമായി എടുത്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏകദേശം ഒരു ലക്ഷം കോടി രൂപ തിരഞ്ഞെടുപ്പിനായി ചിലവഴിച്ചുവെന്നും, ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ ഇത്രയും വലിയ ചെലവ് ലാഭിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ ജിഡിപിയിൽ പ്രതിഫലിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.

'പാർലമെന്റിലേക്കും നിയമസഭയിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തിയാൽ, രാജ്യത്തിന്റെ ജിഡിപിയിൽ ഏകദേശം 1.5 ശതമാനം വളർച്ച കൂട്ടിച്ചേർക്കപ്പെടും. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, സമ്പദ്‌വ്യവസ്ഥയിൽ 4.50 ലക്ഷം കോടി രൂപയാണ് അധികമായി വന്നുചേരുക' മന്ത്രി പറഞ്ഞു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് ചില പാർട്ടികൾ തെറ്റായ പ്രചാരണം നടത്തുകയും അതിനെ അന്ധമായി എതിർക്കുകയും ചെയ്യുന്നുവെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 2034ന് ശേഷം മാത്രമേ ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താൻ പദ്ധതിയിട്ടിട്ടുള്ളൂവെന്നും അന്നത്തെ രാഷ്ട്രപതിയുടെ അനുമതിക്കായി ഇപ്പോൾ അടിത്തറ പാകുകയാണെന്നും അവർ വ്യക്തമാക്കി.
'ഈ ആശയം പല അവസരങ്ങളിലും വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. നരേന്ദ്ര മോദി അവതരിപ്പിച്ച ഒന്നല്ല ഇത്. 1960-കൾ വരെ ഈ ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നിലവിലുണ്ടായിരുന്നു. അതിനെ അന്ധമായി എതിർക്കുന്നതിനുപകരം, അതിന്റെ ഗുണം കണക്കിലെടുത്ത് പിന്തുണച്ചിട്ടുണ്ടെങ്കിൽ, ഈ ആശയം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും' നിർമല പറഞ്ഞു.
ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡിഎംകെയുടെ നേതാവ് എം കരുണാനിധി മുൻപ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെ പിന്തുണച്ചിരുന്നുവെന്നും ധനമന്ത്രി ആരോപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ ഈ ആശയത്തെ പിന്തുണയ്ക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സർക്കാരിലെയും ബിജെപിയിലെയും ഉന്നത നേതാക്കൾ ഉൾപ്പെടെ പദ്ധതിയെ അനുകൂലിക്കുകയാണ്. നേരത്തെ ഈ വർഷം ആദ്യം, 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവേ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ബില്ലിനെ പിന്തുണച്ചു സംസാരിച്ചിരുന്നു. എന്നാൽ പദ്ധതിയെ ശക്തമായി എതിർക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.












Click it and Unblock the Notifications