'രാജ്യത്തെ യുവജനങ്ങളിൽ 8.7 കോടി പേർ വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെട്ടിട്ടില്ല'; നീതി ആയോഗ് റിപ്പോർട്ട്

ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ രാജ്യത്തെ യുവതലമുറ നേരിടുന്ന വലിയ വെല്ലുവിളിയിലേക്ക് വിരൽചൂണ്ടി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ലെന്ന് 'റീ ഇമേജിനിങ് സ്‌കില്ലിങ് ഫോർ വികസിത് ഭാരത്@2047' എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021ൽ നടത്തിയ ദേശീയ സാമ്പിൾ സർവേയുടെ 78-ാം റൗണ്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസം നേടുന്നവർ, ഔപചാരിക-അനൗപചാരിക മേഖലകളിലെ തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ എന്നിങ്ങനെ രാജ്യത്തെ പഠിതാക്കളെയും തൊഴിൽശക്തിയെയും അഞ്ച് വിഭാഗങ്ങളായി നീതി ആയോഗ് തിരിച്ചിട്ടുണ്ട്.

niti aayog 2

വിദ്യാഭ്യാസത്തിലോ തൊഴിലിലോ ഏർപ്പെടാത്ത യുവാക്കൾക്ക് പുതിയ നൈപുണ്യങ്ങൾ നേടുന്നതിൽ വലിയ സാമ്പത്തിക തടസങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലരും ഇതിനകം തന്നെ അവരുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ചവരാണ്. എന്നാൽ അധിക പരിശീലനത്തിന് ആവശ്യമായ ഫീസ് നൽകാൻ സ്ഥിരവരുമാനം പലർക്കുമില്ല.

കോളജ് ഫീസ്, സ്വകാര്യ ട്യൂഷൻ, യാത്രച്ചെലവ് തുടങ്ങിയ ചെലവുകൾ നേരിടുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ യുവാക്കൾക്ക് പണം നൽകി പരിശീലനം നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഇതോടെ നൈപുണ്യമില്ലാത്തതിനാൽ മികച്ച ജോലി ലഭിക്കാതെ വരികയും വരുമാനം ആവശ്യമായതിനാൽ വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടാത്ത ജോലികൾ സ്വീകരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു.

നീറ്റിന് ശ്രമിക്കുന്ന യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങൾക്കും സൗജന്യമോ സബ്‌സിഡിയോടുകൂടിയതോ ആയ പരിശീലനവും സാമ്പത്തിക സഹായവും നൽകണമെന്ന് നീതി ആയോഗ് നിർദേശിക്കുന്നു. ഇത്തരം പരിശീലന പരിപാടികൾ ഉയർന്നുവരുന്ന വ്യവസായ മേഖലകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ എന്നിവയുമായി കൂടുതൽ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ തൊഴിൽ വിപണിയിലെ മറ്റൊരു പ്രധാന പ്രശ്‌നവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിരുദധാരികളിൽ വെറും 8.25 ശതമാനം പേർക്ക് മാത്രമാണ് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നതെന്ന് സാമ്പത്തിക സർവേ 2024-25നെ ഉദ്ധരിച്ച് നീതി ആയോഗ് പറയുന്നു.
അതായത്, 91 ശതമാനത്തിലധികം ബിരുദധാരികൾക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ലഭിക്കുന്നില്ല.

പലരും തൊഴിലില്ലാത്തവരായിരിക്കുകയോ വിദ്യാഭ്യാസ നിലവാരത്തിന് താഴെയുള്ള ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നു. കോളജുകളിലും സർവകലാശാലകളിലും ലഭിക്കുന്ന വിദ്യാഭ്യാസവും തൊഴിൽ വിപണിക്ക് ആവശ്യമായ പ്രായോഗിക കഴിവുകളും തമ്മിലുള്ള വലിയ അന്തരമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

ബിരുദം നേടുന്നതിന് പുറമെ പ്രായോഗിക പരിശീലനം, വ്യവസായ പരിചയം, തൊഴിൽസന്നദ്ധത എന്നിവയും യുവാക്കൾക്ക് ആവശ്യമാണ്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും തൊഴിൽസന്നദ്ധത ഇപ്പോഴും ആശങ്കയായി തുടരുകയാണ്. രാജ്യത്ത് ഏകദേശം 3.4 കോടി വിദ്യാർഥികൾ ബിരുദ കോഴ്സുകളിൽ പഠിക്കുന്നുണ്ട്. ഇതിൽ 1.3 കോടിയിലധികം പേർ ബിഎ കോഴ്‌സുകളിലാണ്. ബിഎ, ബിഎസ്‌സി, ബി കോം കോഴ്‌സുകളിൽ മാത്രം രണ്ട് കോടിയിലധികം വിദ്യാർഥികളുണ്ട്.

ഈ കോഴ്‌സുകൾക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും ബിരുദം നേടുന്നത് മാത്രം തൊഴിൽ നേടാൻ മതിയാകുന്നില്ല. യഥാർഥ തൊഴിൽ സാഹചര്യങ്ങളുമായി നേരിട്ട് പരിചയപ്പെടാനുള്ള അവസരം പല വിദ്യാർഥികൾക്കും ലഭിക്കുന്നില്ല. ഏകദേശം 80 ശതമാനം വിദ്യാർഥികളും പ്രായോഗിക പരിജ്ഞാനത്തിന്റെയും വ്യവസായ പരിചയത്തിന്റെയും അഭാവം നേരിടുന്നതായി റിപ്പോർട്ട് പറയുന്നു.

34 ശതമാനം പേർ നൈപുണ്യക്കുറവാണ് തങ്ങളുടെ പ്രധാന വെല്ലുവിളിയെന്ന് വ്യക്തമാക്കി. ജോലി അഭിമുഖത്തിന് എങ്ങനെ തയ്യാറാകണമെന്ന് അറിയില്ലെന്ന് 18 ശതമാനം പേർ പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിലെ കടുത്ത മത്സരത്തിനിടയിലും സർക്കാർ ജോലികൾക്ക് യുവാക്കൾക്കിടയിൽ വലിയ താൽപര്യമുണ്ട്. എന്നാൽ ലഭ്യമായ ഒഴിവുകളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്.

2024 നവംബർ മുതൽ 2025 ജൂലൈ വരെ വെറും 55,000 സർക്കാർ തസ്‌തികകളിലേക്ക് 1.86 കോടിയിലധികം അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജോലികൾക്കായുള്ള കടുത്ത മത്സരത്തിന്റെ തോത് ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്ത് ബിരുദധാരികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ജോലികൾ മാത്രം തൊഴിൽ പരിഹാരമാകില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്വകാര്യ മേഖല, സ്‌റ്റാർട്ടപ്പുകൾ, പുതിയ സാമ്പത്തിക മേഖലകൾ, സ്വയംതൊഴിൽ തുടങ്ങിയവയിലേക്ക് യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കേണ്ടതുണ്ട്.

നൈപുണ്യ വികസനം വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമുള്ള പ്രവർത്തനമായി മാത്രം കാണരുതെന്നും സ്‌കൂൾ കാലം മുതൽ തന്നെ ആരംഭിക്കണമെന്നും നീതി ആയോഗ് നിർദേശിക്കുന്നു. 6 മുതൽ 12 വരെ ക്ലാസുകളിൽ പൊതു തൊഴിൽക്ഷമതയും സംരംഭകത്വ നൈപുണ്യങ്ങളും ഉൾപ്പെടുത്താനാണ് നിർദേശം. ആശയവിനിമയം, ഡിജിറ്റൽ കഴിവുകൾ, സാമ്പത്തിക സാക്ഷരത, ടീംവർക്ക്, പ്രശ്‌നപരിഹാരം, സംരംഭകത്വം തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

9-ാം ക്ലാസ് മുതൽ ഘടനാപരമായ തൊഴിൽ പരിശീലന പാതകൾ അഥവാ 'കൗശൽ ട്രാക്‌സ്' ആരംഭിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. നിലവിൽ 12 സെക്കൻഡറി സ്‌കൂളുകളിൽ ഒന്നിൽ പോലും തൊഴിൽപരമായ വിഷയങ്ങൾ ലഭ്യമല്ലെന്നതാണ് സ്ഥിതി. സ്‌കൂൾ കാലത്ത് തന്നെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് പരിചയപ്പെടാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പരിശീലനത്തിനായി ജോലി ഉപേക്ഷിക്കാൻ കഴിയാത്തവർക്കായി 'ലേൺ ആൻഡ് ആൺ' മാതൃകയിലുള്ള കൂടുതൽ വഴക്കമുള്ള പരിശീലന സംവിധാനങ്ങളും നീതി ആയോഗ് നിർദേശിക്കുന്നു. അപ്രന്റിസ്ഷിപ്പുകൾ, ജോലിക്കിടയിലെ പരിശീലനം, ഹ്രസ്വകാല കോഴ്‌സുകൾ, തൊഴിൽബന്ധിത പരിശീലന പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടും. നീറ്റ് യുവാക്കൾക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രാദേശിക തൊഴിൽ ആവശ്യകത, വളർന്നുവരുന്ന മേഖലകൾ, സ്വയംതൊഴിൽ എന്നിവയുമായി ബന്ധിപ്പിച്ചുള്ള പുനർപരിശീലന അവസരങ്ങൾ നൽകണമെന്നും റിപ്പോർട്ട് പറയുന്നു.

ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കഴിയുന്ന യുവാക്കൾക്ക് ഇത് പ്രത്യേകമായി പ്രയോജനപ്പെടും. സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനം മാത്രം പോരെന്നും ധനസഹായം, മാർഗനിർദേശം, വിപണി ലഭ്യത, ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങിയ പിന്തുണയും ആവശ്യമാണ്.

niti aayog 3

കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ ഇന്ത്യ നൈപുണ്യ വികസന മേഖലയിൽ വലിയ മുന്നേറ്റം നടത്തിയതായും റിപ്പോർട്ട് പറയുന്നു. 2014-15 മുതൽ 7.67 കോടിയിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 2025-26ലെ കേന്ദ്ര ബജറ്റിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ നൈപുണ്യ വികസന പദ്ധതികൾക്കായി 34,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ രാജ്യത്തെ പൗരന്മാർക്ക് തുടർച്ചയായി പഠിക്കാനും സമ്പാദിക്കാനും മുന്നേറാനും കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. അതിനാൽ ബിരുദ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽസന്നദ്ധതയും പ്രായോഗിക നൈപുണ്യവും ഉറപ്പാക്കുന്ന സമഗ്രമായ പരിശീലന സംവിധാനമാണ് രാജ്യത്തിന് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+