ഖാര്‍ഗെ വേണ്ട, നിതീഷും ലാലുവും എതിര്‍ത്തു? ഇന്ത്യ സഖ്യത്തില്‍ യോജിപ്പില്ലാതെ നേതാക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗം നേതാക്കള്‍ തമ്മില്‍ വലിയ ഭിന്നത. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനെയാണ് സീനിയര്‍ നേതാക്കള്‍ എതിര്‍ത്തത്. മമത ബാനര്‍ജിയാണ് പേര് നിര്‍ദേശിച്ചത്. എന്നാല്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് എന്നിവര്‍ ഇതിനെ എതിര്‍ത്തു.
അത്തരമൊരു തീരുമാനത്തില്‍ ഇരുവരും അതൃപ്തി അറിയിക്കുകയും ചെയ്തു. അത് മാത്രമല്ല യോഗത്തിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനത്തിലും ഇരുവരും പങ്കെടുത്തില്ല. ഇതില്‍ നിന്ന് തന്നെ സഖ്യത്തിലെ വിള്ളല്‍ വ്യക്തമാണ്. അതേസമയം ഇത് പ്രതിപക്ഷ സഖ്യത്തിന്റെ നാലാമത്തെ യോഗമാണ്. ഇതില്‍ എല്ലാം ഓരോ നേതാക്കളായി അതൃപ്തി അറിയിച്ച് കൊണ്ടിരിക്കുകയാണ്. പല തീരുമാനങ്ങളോടും നേതാക്കള്‍ക്ക് യോജിക്കാനായില്ല.

അതേസമയം പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. അതേസമയം യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും, തെരഞ്ഞെടുപ്പിലാണ് ശ്രദ്ധയെന്നും ഖാര്‍ഗെ അറിയിച്ചു.
നിര്‍ണായകമായ സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനുവരി ഒന്നിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു. അതേസമയം ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം വേഗമെടുക്കണമെന്നാണ് നിര്‍ദേശം. മോദി സര്‍ക്കാര്‍ സ്ത്രീകളുടെ യുവ വോട്ടര്‍മാരുടെ വിശ്വാസം നേടി കഴിഞ്ഞതായിട്ടാണ് പ്രതിപക്ഷ നേതാക്കള്‍ വിശ്വസിക്കുന്നത്. ഇവരുടെ വിശ്വാസം പ്രതിപക്ഷം വീണ്ടെടുക്കാനായി ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് നേതാക്കളെല്ലാം ആവശ്യപ്പെട്ടത്.
സുപ്രധാന വിഷയങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ജനുവരി മുപ്പതിനാണ് ഔദ്യോഗികമായി ആരംഭിക്കുക. ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ വമ്പന്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബര്‍ 22ന് വമ്പന്‍ പ്രക്ഷോഭം ഇതിനെതിരെ അഖിലേന്ത്യാ തലത്തില്‍ നടക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.
എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഇവിഎം സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളിലും പ്രതിപക്ഷം ആശങ്ക അറിയിച്ചു. ഇവിഎമ്മുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും, അതിന്റെ പ്രവര്‍ത്തനത്തിലും ആശങ്കയുണ്ടെന്നും, ആഭ്യന്തര മന്ത്രി പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച്ചയില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications