നിതീഷ് കുമാറിന്റെ ആസ്‌തി 1.6 കോടി; കടത്തിവെട്ടി തേജസ്വി യാദവ്, 7.68 കോടിയുടെ സ്വത്ത്..!
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആസ്‌തി വിവരങ്ങൾ പുറത്ത്. കാബിനറ്റ് സെക്രട്ടേറിയറ്റ് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ പ്രകാരം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മൊത്തം ആസ്‌തി 1.64 കോടി രൂപയാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2011 മുതൽ സംസ്ഥാനത്ത് തുടർന്നുവരുന്ന രീതിയുടെ ഭാഗമായാണ് സ്വത്തുവിവരങ്ങൾ പുറത്തുവിട്ടത്.
മറുവശത്ത്, ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരൻ തേജ് പ്രതാപ് യാദവിന്റെയും മൊത്തം ആസ്‌തി ഏകദേശം 7.68 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് നിതീഷ് കുമാർ പ്രഖ്യാപിച്ചതിന്റെ ആറിരട്ടിയോളം വരുമെന്നതാണ് പ്രത്യേകത.

നിതീഷ് കുമാറിന്റെ കൈവശം 16.84 ലക്ഷം രൂപയും സ്ഥാവര സ്വത്തിന്റെ മൂല്യം 1.48 കോടി രൂപയുമാണ്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലുള്ള ദ്വാരകയിൽ തനിക്കൊരു ഫ്ലാറ്റ് ഉണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പക്കൽ പണമായി 22,552 രൂപയും (മുൻവർഷത്തെ 28,135 രൂപയിൽ നിന്ന് ഇടിവ്) വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 49,202 രൂപ നിക്ഷേപവുമുണ്ടെന്ന് കണക്കുകളിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മൊത്തം ആസ്‌തി കഴിഞ്ഞ വർഷത്തെ 75 ലക്ഷം രൂപയിൽ നിന്ന് 1.64 കോടി രൂപയായി ഉയർന്നുവെന്നാണ് ഈ പ്രഖ്യാപനത്തിൽ കാണാനാവുന്നത്. അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയുടെ മൂല്യത്തിലുണ്ടായ വർധനയാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
തേജസ്വി യാദവിന്റെ ജംഗമ സ്വത്തുക്കളുടെ മൂല്യം 1.11 കോടി രൂപയും സ്ഥാവര സ്വത്തിന് 3 കോടി രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ബീഹാർ ഉപമുഖ്യമന്ത്രി തന്റെ മൊത്തം വരുമാനം 4,74,370 രൂപയും കൈയിലുള്ള പണമായി 50,000 രൂപയും പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 53 ലക്ഷം രൂപയും അമ്മയും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, സഹോദരനും മന്ത്രിയുമായ തേജ് പ്രതാപ് യാദവ് എന്നിവർക്കൊപ്പം 39 ലക്ഷത്തിലധികം രൂപ വിവിധ അക്കൗണ്ടുകളിലുമുണ്ട്.
തേജസ്വി യാദവിന്റെ ഭാര്യ രാജശ്രീ യാദവിന്റെ പക്കൽ ഒരു ലക്ഷം രൂപയുണ്ട്. ബിഹാർ സർക്കാരിലെ മന്ത്രിയായ തേജ് പ്രതാപ് യാദവ് 1.79 കോടിയുടെ ജംഗമ സ്വത്തും 1.78 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഏകദേശം 17 ലക്ഷം രൂപ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications