ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാർ; അന്ത്യമാവുന്നത് ഒരു യുഗത്തിന്, ആരാവും പകരക്കാരൻ?
പാറ്റ്‌ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടോളം നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് കൊണ്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2005 മുതൽ പത്ത് തവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രാജ്യസഭയിലേക്കുള്ള ഈ മാറ്റം സംസ്ഥാന ഭരണത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
മാർച്ച് 16-നായിരുന്നു അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. ഒരു സംസ്ഥാന നിയമസഭയിലും പാർലമെന്റിലും ഒരേ സമയം അംഗത്വം വഹിക്കാൻ ഭരണഘടനാപരമായ വിലക്കുള്ളതുകൊണ്ട്, ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്വവും മുഖ്യമന്ത്രി പദവും അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇന്നായിരുന്നു നിർണായക രാജി പ്രഖ്യാപനം.

ഏപ്രിൽ 10-ന് നിതീഷ് കുമാർ രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. നിലവിൽ 1, ആനി മാർഗ്ഗിലെ ഔദ്യോഗിക വസതിയിൽ നിന്ന് 7, സർക്കുലർ റോഡിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. കഴിഞ്ഞ 20 വർഷത്തോളം ബിഹാറിന്റെ രാഷ്ട്രീയ രംഗത്തെ നിർണ്ണായകമായ സാന്നിധ്യമായിരുന്നു നിതീഷ് കുമാർ. അദ്ദേഹത്തിന്റെ ഈ പിന്മാറ്റം ഏറെ ശ്രദ്ധയോടെയാണ് എല്ലാവരും നോക്കി കാണുന്നത്.
നിതീഷ് കുമാറിന്റെ രാജി ബിജെപി ബിഹാറിൽ ആദ്യമായി സ്വന്തം മുഖ്യമന്ത്രിയെ നിയമിക്കാൻ വഴിയൊരുക്കും. മുമ്പ് സംസ്ഥാനത്ത് ബിജെപി ഒരു ചെറിയ കക്ഷിയായോ സഖ്യകക്ഷിയായോ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പിൻഗാമിയാവാനുള്ള സാധ്യതകളിൽ മുന്നിൽ.
കൂടെക്കൂടെയുള്ള സഖ്യമാറ്റങ്ങൾക്കും മുന്നണി മാറ്റങ്ങൾക്കും പേരുകേട്ട നിതീഷ് കുമാർ, സ്‌കൂൾ വിദ്യാർത്ഥിനികൾക്കുള്ള സൈക്കിൾ പദ്ധതിയും പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങളും ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ബിഹാറിനെ സംബന്ധിച്ച് അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്.
2000-ൽ തൂക്കുമന്ത്രിസഭ വന്നതിനെത്തുടർന്ന് വെറും ഏഴ് ദിവസത്തേക്ക് മാത്രമാണ് കുമാർ മുഖ്യമന്ത്രിയായത്, പിന്നീട് രാജിവെച്ചു. 2005-ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, ക്രമസമാധാന പാലനം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം (പ്രത്യേകിച്ച് വിദ്യാർത്ഥിനികൾക്കുള്ള സൈക്കിൾ പദ്ധതി) എന്നിവയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
2013 മുതൽ, രാഷ്ട്രീയ സഖ്യങ്ങളിലെ പതിവായ മാറ്റങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഈ യു-ടേണുകൾ പലപ്പോഴും എതിരാളികളുടെ വിമർശനത്തിന് കാരണമായിരുന്നു. 2013-ൽ ബിജെപിയുമായി അദ്ദേഹം വേർപിരിഞ്ഞു. 2015-ൽ ആർജെഡിയുമായി ചേർന്ന് മഹാഗഡ്ബന്ധൻ രൂപീകരിച്ചെങ്കിലും, 2017-ൽ വീണ്ടും എൻഡിഎയിലേക്ക് മടങ്ങി.
2022-നും 2024-നും ഇടയിൽ എൻഡിഎ വിട്ട് മഹാഗഡ്ബന്ധനിലേക്കും (ഇന്ത്യ സഖ്യം) പിന്നീട് തിരികെ എൻഡിഎയിലേക്കും അദ്ദേഹം മാറി. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ ഗംഭീര വിജയത്തിലേക്ക് നയിച്ചുകൊണ്ട്, പത്താം തവണയും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ അദ്ദേഹം കാലാവധി തികയ്ക്കും മുൻപ് ഇറങ്ങുമ്പോൾ ബിഹാർ പകരക്കാരൻ ആരെന്ന് അറിയാൻ ഉറ്റുനോക്കുകയാണ്.












Click it and Unblock the Notifications