മുൻകൂർ ജാമ്യാപേക്ഷ തള്ളി; ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലിൽ എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ
ബെംഗളൂരു: ജെഡിഎസ് എംഎൽഎയും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്‌ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിലെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌ത് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ദേവഗൗഡയുടെ വീട്ടിൽ വച്ചാണ് രേവണ്ണയെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ലഭ്യമായ വിവരം.
തട്ടിക്കൊണ്ടുപോകൽ കേസിലെ അറസ്‌റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യം ബെംഗളൂരു കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് എച്ച്ഡി രേവണ്ണയെ കസ്‌റ്റഡിയിലെടുത്തത്. രേവണ്ണയുടെ ഫാം ഹൗസിൽ ജോലി ചെയ്‌തിരുന്ന ഇരുപതുകാരന്റെ അമ്മയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട കേസിലാണ് രേവണ്ണയെ ഇപ്പോൾ പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

കേസിലെ പരാതിക്കാരനായ രാജു എച്ച്ഡി തന്റെ മാതാവുമൊത്ത് രേവണ്ണയുടെ ഫാം ഹൗസിൽ ജോലി നോക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രേവണ്ണയ്ക്ക് എതിരെ പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 364 എ (തട്ടിക്കൊണ്ടുപോകൽ), സെക്ഷൻ 365 (നിർബന്ധിത നിയന്ത്രണം) എന്നിവ ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലും എച്ച്ഡി രേവണ്ണ പ്രതിയാണ്. പ്രജ്വലിന്റെ ജാമ്യഹര്‍ജിയും ഇന്ന് കോടതി തള്ളിയിട്ടുണ്ട്. നേരത്തെ ദേവഗൗഡയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തെ പാർട്ടി പ്രവർത്തകർ തടഞ്ഞത് സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രേവണ്ണയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
നേരത്തെ രേവണ്ണയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മകൻ പ്രജ്വലിന് പിന്നാലെ രേവണ്ണയും രാജ്യം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. മുൻപ് രണ്ട് തവണയാണ് രേവണ്ണയ്ക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചത്.
രേവണ്ണയുടെ വീട്ടിൽ അഞ്ച് വർഷത്തോളം ജോലി ചെയ്‌തിരുന്ന സ്ത്രീ മൂന്ന് വർഷം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ എച്ച്‌ഡി രേവണ്ണയുടെ അടുത്ത സഹായിയായ സതീഷ് ഏപ്രിൽ 26ന് തന്നെ കൂട്ടിക്കൊണ്ടുപോയതായി അവരുടെ മകൻ ആരോപിച്ചു.
പിന്നീട് ഏപ്രിൽ 29ന് എച്ച്ഡി രേവണ്ണയുടെ ആളുകൾ വന്ന് സ്ത്രീയെ അവിടെ നിന്ന് കടത്തുകയായിരുന്നു. അന്നുമുതൽ ഇവരെ കുറിച്ച് യാതൊരു വിവരവുമില്ല. ഈ കേസിലാണ് രേവണ്ണ അറസ്‌റ്റിലായിരിക്കുന്നത്. ഈ സ്ത്രീയെ പോലീസ് കണ്ടെത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അന്വേഷണ സംഘം ഇവരുടെ മൊഴിയെടുക്കും.












Click it and Unblock the Notifications