മൂന്നാം ഡോസ് കൊവിഷീല്‍ഡ് വേണ്ടെന്ന് വിദഗ്ധ സമിതി, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം തള്ളി
ദില്ലി: ഒമൈക്രോണിന്റെ വരവിന് പിന്നാലെ ബൂസ്റ്റര്‍ ഷോട്ടുകളും മൂന്നാം ഡോസ് വാക്‌സിനുകള്‍ക്കുമായുള്ള വാദം ഇന്ത്യയില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് മൂന്നാം ഡോസ് ജനങ്ങള്‍ക്ക് നല്‍കാന്‍ അനുമതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്രത്തിന്റെ വിഷയ വിദഗ്ധ സമിതി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. ഈ മാസം തുടക്കത്തില്‍ തന്നെ മൂന്നാം ഡോസ് അനുമതി നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ സമിതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

മൂന്നാം ഡോസ് കൊവിഷീല്‍ഡ് നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതി വിശദമായ ചര്‍ച്ച നടത്തി. എന്നാല്‍ ഇപ്പോള്‍ മൂന്നാം ഡോസിന് അനുമതി നല്‍കേണ്ടതില്ലെന്ന് സമിതി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ രണ്ട് ഡോസ് എന്ന വാക്‌സിന്‍ ക്രമത്തിന് മാറ്റം വരുത്തുന്നതിന് കാരണമാകുന്ന ഡാറ്റ കൂടുതലായി നല്‍കണമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം ഡോസിന് അനുമതി നല്‍കുന്നതിന് കൃത്യമായ കാരണങ്ങള്‍ നല്‍കാന്‍ ഇതുവരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടില്ല. ഇന്ത്യയില്‍ ആവശ്യത്തിന് ഡോസുകള്‍ ഉണ്ടെന്നും, ഒപ്പം പുതിയ വേരിയന്റുകള്‍ വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അനുമതി നല്‍കണമെന്നുമായിരുന്നു സെറം ആവശ്യപ്പെട്ടത്.
സെറത്തിന് നിരവധി പേര്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യപ്പെട്ട് കത്തുകള്‍ അയക്കുന്നുണ്ടെന്നും കമ്പനി ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് പറഞ്ഞു. വാക്‌സിനേറ്റ് ചെയ്താലും വ്യക്തികളിലുള്ള ആന്റിബോഡികള്‍ കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും, നിരവധി രാജ്യങ്ങള്‍ അതുകൊണ്ട് ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അനുമതി നല്‍കിയെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിച്ചിരുന്നു. സിംഗിള്‍ ഷോട്ട് വാക്‌സിനായ കോര്‍ബിവാക്‌സിന്റെ കാര്യവും ഇക്കൂട്ടത്തില്‍ സെറം ഉന്നയിച്ചിരുന്നു. വൈറസിന്റെ പ്രതലത്തിലുള്ള സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് കോര്‍ബിവാക്‌സ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിര്‍മിച്ച മൂന്നാമത്തെ വാക്‌സിനാണ്.
അതേസമയം മൂന്നാം ഡോസ് എടുക്കുന്നതിനോട് ഇന്ത്യ ഇപ്പോഴും അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. പല രാജ്യങ്ങളിലും ഇത് തുടങ്ങി കഴിഞ്ഞു. ഇന്ത്യ സമ്പൂര്‍ണ വാക്‌സിനേഷനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കരുതെന്നാണ് ഐസിഎംആര്‍ ചീഫ് ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ബൂസ്റ്റര്‍ ഡോസ് എന്ന് വിളിക്കില്ലെന്നാണ് ഭാര്‍ഗവ പറയുന്നത്. പകരം മൂന്നാം ഡോസ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന അടക്കം ബൂസ്റ്റര്‍ ഡോസിന് അധികം പ്രാധാന്യം നല്‍കേണ്ടെന്നാണ് പറയുന്നത്. പകരം എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യണമെന്നും, ഇല്ലെങ്കില്‍ രോഗം വര്‍ധിക്കുമെന്നുമാണ് മുന്നറിയിപ്പ്.
പാര്‍ട്ടികളും വിവാഹാഘോഷങ്ങളും ഒത്തുചേരലുകളും നടത്തുന്നതില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം ചടങ്ങുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി തന്നെ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പും വന്‍ തോതില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞിരുന്നു. അത്തരം വീഴ്ച്ചകളാണ് രണ്ടാം തരംഗത്തിലേക്ക് നയിച്ചത്. ജനങ്ങളുടെ യാതൊരു പ്രോട്ടോക്കോളും പാലിക്കുന്നില്ല.അംഗീകരിക്കാനാവാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോള്‍ പറഞ്ഞു.












Click it and Unblock the Notifications