'ഫ്ലൈഓവർ വേണ്ട, എലിവേറ്റഡ് ഹൈവേ വേണ്ട'; വേറിട്ട പ്രതിഷേധവുമായി ബെംഗളൂരു നിവാസികൾ, കാരണം?
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നിർദേശിച്ച 13 ഫ്ലൈഓവർ, എലിവേറ്റഡ് കോറിഡോർ പദ്ധതികളിൽ രണ്ടെണ്ണത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം. നൂറുകണക്കിന് പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർത്താണ് പദ്ധതികളോടുള്ള എതിർപ്പ് അറിയിച്ചത്. ഇന്ദിരാനഗറിലെ 5.2 കിലോമീറ്റർ മേൽപ്പാലവും രാഗിഗുഡ്ഡ മുതൽ കനകപുര മെയിൻ റോഡ് വരെ നിർദേശിച്ച 18.47 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും ഉപേക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്ദിരാനഗറിൽ സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനിൽനിന്ന് ആരംഭിച്ച് ഹൊസൂർ റോഡിലെ മഡിവാളയിൽ അവസാനിക്കുന്നതാണ് 5.2 കിലോമീറ്റർ മേൽപ്പാല പദ്ധതി. ഏകദേശം 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ദിരാനഗർ 100 അടി റോഡ്, 80 അടി റോഡ്, സിഎംഎച്ച് റോഡ് എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്. മരങ്ങൾ നിറഞ്ഞ ഈ റോഡുകളിലെ പച്ചപ്പ് നഷ്‌ടപ്പെടുമെന്ന ആശങ്കയാണ് ആളുകൾ പ്രധാനമായും ഉന്നയിക്കുന്നത്.

പദ്ധതി നടപ്പാക്കിയാലും ഗതാഗതക്കുരുക്കിന് കാര്യമായ പരിഹാരമുണ്ടാകില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഈ റോഡുകളിൽ അടുത്തിടെ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നടത്തിയതും അവർ ചൂണ്ടിക്കാട്ടി. എന്നാൽ മേൽപ്പാലത്തിന്റെ സിവിൽ നിർമ്മാണത്തിനായി അധികൃതർ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. അതേസമയം, ഒരു വിഭാഗം പ്രദേശവാസികൾ പദ്ധതിയെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മറേനഹള്ളി മെയിൻ റോഡിലെ രാഗിഗുഡ്ഡയിൽനിന്ന് പൈപ്പ് ലൈൻ റോഡ് വഴി കനകപുര മെയിൻ റോഡിലെ തലഘട്ടപുരയിലേക്ക് നിർദേശിച്ച എലിവേറ്റഡ് ഹൈവേക്ക് എതിരെയും പ്രതിഷേധമുയർന്നു. ഏകദേശം 2956 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി പൂർത്തിയായാൽ യാത്രക്കാർക്ക് ടോൾ നൽകേണ്ടിവരും.
ഈ പാതയുടെ ആവശ്യകതയെ ചോദ്യം ചെയ്‌ത ആളുകൾ, രാഗിഗുഡ്ഡയെയും തലഘട്ടപുരയെയും നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ ഇതിനകം ബന്ധിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൂടാതെ, ബെംഗളൂരു ജലവിതരണ, മലിനജല ബോർഡിന്റെ പൈപ്പ് ലൈനിന് സമീപത്തുകൂടിയാണ് നിർദ്ദിഷ്‌ട പാത കടന്നുപോകുന്നത്. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തെ പച്ചപ്പ് പദ്ധതിയിലൂടെ നഷ്‌ടപ്പെടുമെന്ന ആശങ്കയും പ്രതിഷേധക്കാർക്കുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ആകെ 126 കിലോമീറ്ററോളം ദൈർഘ്യമുള്ള 13 മേൽപ്പാല, ഉയർന്നപാത പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഏകദേശം 18,000 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. എന്നാൽ, ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ പരിസ്ഥിതിയെയും സമീപവാസികളെയും എങ്ങനെ ബാധിക്കുമെന്ന ചർച്ചയും പ്രതിഷേധങ്ങളോടെ ശക്തമാവുകയാണ്.
അടുത്തിടെ ജോലികളുമായി അധികൃതർ മുന്നോട്ട് പോയ ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കെതിരെയും പല കോണുകളിൽ നിന്ന് എതിർപ്പ് ശക്തമാവുന്നുണ്ട്. ഹെബ്ബാൾ തടാകത്തിന് പദ്ധതി കടുത്ത ഭീഷണിയാണ് ഉയർത്തുക എന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ എതിർപ്പ് ഉയരുന്നത്. കൂടാതെ ആയിരത്തിൽ അധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.


Click it and Unblock the Notifications
