മോഡി ഇഫക്ട് ഇല്ലെന്ന് സര്‍വ്വേ
ദില്ലി: പല നിര്‍ണായ സംസ്ഥാനങ്ങളിലും മോഡി ഇഫക്ട് ഇല്ലെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേ. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പും അതിന് ശേഷവും നടത്തിയ സര്‍വ്വേകളുടെ താരതമ്യ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.
2013 ജൂലായിലും ഒക്ടോബറിലും ആയി നടത്തിയ സര്‍വ്വേകള്‍ പരിശോധിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തുന്നത്. ജൂലായില്‍ നടന്ന സര്‍വ്വേയില്‍ ബിജെപിക്ക് 131 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു പ്രവചനം. ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയില്‍ അത് 161 ആയി ഉയര്‍ന്നിട്ടുണ്ട്. ആകെ 31 സീറ്റുകളുടെ വര്‍ദ്ധന ബിജെപിക്ക് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇത് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചതുകൊണ്ടുണ്ടായ നേട്ടമല്ലെന്നാണ് ടൈംസ് നൗ പറയുന്നത്. പബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന ചില സംസ്ഥാനങ്ങളിലെ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ തിരിച്ചു പിടിക്കുന്നത് മാത്രമാണിതെന്നാണ് വിലയിരുത്തല്‍. അതില്‍ നരേന്ദ്ര മോഡിയുടെ സ്വാധീനം കാണാനാകില്ലെന്നും പറയുന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കോ യുപിഎക്കോ നേരിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് സര്‍വ്വേ കണ്ടെത്തിയിട്ടുള്ളത്. പ്രാദേശിക പാര്‍ട്ടികളായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കുക എന്നും സര്‍വ്വേ വ്യക്തമാക്കിയിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന കണ്ടെത്തില്‍ ആണ് ഈ വിലയിരുത്തല്‍
ജൂലായിലെ സര്‍വ്വേയെ അപേക്ഷിച്ച് പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് ഏഴ് സീറ്റുകള്‍ അധികം ലഭിക്കും. രാജസ്ഥാനിലും കര്‍ണാടകയലും നാല് സീറ്റുകള്‍ വീതവും, ഉത്തരഖണ്ഡില്‍ മൂന്നും മഹാരാഷ്ട്രയില്‍ രണ്ടും ഛത്തീസ്ഗഢില്‍ ഒന്നും സീറ്റുകള്‍ അധികമായി ലഭിക്കും. ഈ 21 സീറ്റുകള്‍ മൊത്തത്തിലുള്ള നേട്ടം തന്നെ. ഒക്ടോബറിലെ കണക്കനുസരിച്ച് ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് ഏഴ് സീറ്റുകള്‍ കൂടി അധികം ലഭിക്കുമെന്നാണ് പറയുന്നത്. എങ്കിലും പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ അല്ലാതെ മോഡിയുടെ നേതൃത്വം കൊണ്ട് ബിജെപിക്ക് വലിയ നേട്ടമുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് സര്‍വ്വേ വിലയിരുത്തുന്നത്.












Click it and Unblock the Notifications