ഒന്നിലധികം പരീക്ഷകള്‍ വേണ്ട: നീറ്റ്, ജെഇഇ പരീക്ഷകള്‍ സിയുഇടിയുമായി സമന്വയിപ്പിക്കാൻ യുജിസി ആലോചന
ദില്ലി: രാജ്യത്തെ എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി-യുജി) പരീക്ഷയുമായി സമന്വയിപ്പിക്കാനുള്ള നിർദേശം യു ജി സി അംഗീകരിച്ചേക്കും. ഈ നിർദേശങ്ങള്‍ നടപ്പിലാവുന്നതോടെ മൂന്ന് പ്രവേശന പരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാല് വിഷയങ്ങൾക്ക് ഹാജരാകുന്നതിനുപകരം, വിദ്യാർത്ഥികൾക്ക് ഒരു തവണ പരീക്ഷയെഴുതി വിവിധ പഠന മേഖലകളിലേക്ക് യോഗ്യത നേടാന്‍ കഴിയുമെന്നുമാണ് യു ജി സി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ ഇതൊരു നിർദേശം മാത്രമാണെന്നും വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും യുജിസി അധികൃതർ അറിയിച്ചു."നമ്മുടെ വിദ്യാർത്ഥികൾ ഒരേ വിജ്ഞാന അടിത്തറയെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം പ്രവേശന പരീക്ഷകൾക്ക് വിധേയരാകാതിരിക്കാൻ ഈ പ്രവേശന പരീക്ഷകളെല്ലാം സമന്വയിപ്പിക്കാമോ എന്നതാണ് നിർദ്ദേശം. അതായത്, വിദ്യാർത്ഥികൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയം. തങ്ങൾക്കു താത്പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്കു മുൻപിൽ ധാരാളം അവസരങ്ങളും ഉണ്ടാകും " ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് കുമാർ പറഞ്ഞു.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ), മെഡിക്കൽ എൻട്രൻസ്, സിയുഇടി-യുജി എന്നിങ്ങനെ മൂന്ന് പ്രവേശന പരീക്ഷകളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവർഷവും 43 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷകൾ എഴുതുന്നുണ്ട്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഇതിലെ രണ്ട് പരീക്ഷയെങ്കിലും എഴുതാറുണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളാണ് ജെഇഇ മെയിൻ പരീക്ഷയിലുള്ളതെങ്കില്‍ നീറ്റ്-യുജിയിൽ ബയോളജിയാണ് കണക്കിനു പകരം ഉള്ളത്.സിയുഇടി പരീക്ഷയില്‍ ഈ വിഷയങ്ങളെല്ലാം തന്നെയുമുണ്ട്.
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
നാല് വിഷയങ്ങളിൽ ഒരു പരീക്ഷ മാത്രം എഴുതുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അവസരങ്ങൾക്കായി ശ്രമിക്കാം. വിദ്യാർത്ഥികൾ ഒന്നിലധികം പരീക്ഷകളുടെ സമ്മർദ്ദത്തിന് വിധേയരാകരുത് എന്നതാണ് ഇത്തരമൊരു നിർദ്ദേശത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ യാത്രാ ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സാധിക്കും. ദൂരസ്ഥലങ്ങളില്‍ സെന്ററുകള്‍ ലഭിക്കുന്നവർക്ക് ഇതൊരു ആശ്വാസമായി മാറുമെന്നും ജഗദീഷ് കുമാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications