മല്‍സരിക്കാന്‍ ധൈര്യമില്ല; 112 സീറ്റില്‍ എതിരില്ലാതെ ബിജെപി ജയിച്ചു... സിപിഎം പിന്മാറി
അഗര്‍ത്തല: 20 വര്‍ഷത്തിലധികം ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ ഭരിച്ച സംസ്ഥാനമാണ് ത്രിപുര. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചത്. സിപിഎമ്മിനെ നിഷ്പ്രഭമാക്കിയായിരുന്നു ബിജെപിയുടെ കുതിപ്പ്. നിരവധി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ബിജെപിക്കെതിരെ മല്‍സരിക്കാന്‍ ആളില്ലാത്ത അവസ്ഥയായി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണ് ബിജെപി സ്ഥാനാര്‍ഥികള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ നൂറിലധികം ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചുകഴിഞ്ഞു. എന്നാല്‍ സിപിഎം ഇതിനോട് പ്രതികരിക്കുന്നത് മറ്റൊരു രീതിയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍ പോയ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുവരെ ഭരണകക്ഷിയായിരുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടാനുണ്ടായ കാരണം എന്ത് എന്നായിരുന്നു പ്രധാന ചര്‍ച്ച.

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ത്രിപുരയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുകയാണ്. ബംഗാളില്‍ ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര ലക്ഷ്യമിടുന്നു എന്നാണ് വാര്‍ത്തകള്‍. ബംഗാളിലെ പോലെ തന്നെ ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വരിക ബിജെപിയെയും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയുമാണ്. എന്നാല്‍ തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപി തടയുന്നു എന്നാണ് ആരോപണം.

ഇതിനിടെയാണ് ത്രിപുരയില്‍ നഗര ഭരണകൂടങ്ങളിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. 334 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 112 സീറ്റില്‍ ബിജെപിക്കെതിരെ മല്‍സരിക്കാന്‍ ആളില്ല. ഈ സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്ന പല പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ അവസാന ദിവസം പത്രിക പിന്‍വലിക്കുകയാണ് ചെയ്തത്. 36 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതില്‍ കൂടുതലും. 15 സിപിഎം സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. നാല് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍, എട്ട് കോണ്‍ഗ്രസ്, രണ്ട് എഐഎഫ്ബി, ഏഴ് സ്വതന്ത്രര്‍ എന്നിവരും പിന്‍മാറി.

ഇനി 222 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 785 പേരാണ് ഈ സീറ്റുകളില്‍ മല്‍സരിക്കാനുള്ളത്. നവംബര്‍ 25നാണ് വോട്ടെടുപ്പ്. നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകള്‍, 13 മുന്‍സിപ്പല്‍ കൗണ്‍സില്‍, ആറ് നഗര പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് പോളിങ് നടക്കുക.
മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

ഏഴ് നഗര സഭകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നില്ല. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും തങ്ങളുടെ സ്ഥാനാര്‍ഥികളെ ബിജെപി പിന്‍വലിപ്പിക്കുകയാണ് ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു. ബിജെപിയും അവരുടെ ഗുണ്ടകളുമാണ് ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ പലയിടങ്ങളിലും അക്രമം ആരംഭിച്ചിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അഞ്ച് മുന്‍സിപ്പല്‍ ഡിവിഷനിലേക്കും രണ്ട് നഗര പഞ്ചായത്തുകളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ബിജെപിയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും സിപിഎം സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ് എന്നത് മറ്റൊരു കാര്യം.












Click it and Unblock the Notifications