കെജ്രിവാൾ ജയിലിൽ തുടരും; ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി, ഇനി ഹർജി പരിഗണിക്കുക ഏപ്രിൽ 29ന്
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് ആശ്വാസമില്ല. അറസ്‌റ്റ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നുള്ള കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ കുറഞ്ഞത് ഏപ്രിൽ 29 വരെ അദ്ദേഹം ജയിലിൽ തുടരേണ്ടി വരുമെന്ന് ഉറപ്പായി. ജയിൽ മോചിതനായി എഎപി പ്രചാരണത്തിന് പൂർവാധികം ശക്തിയോട് ഇറങ്ങാമെന്ന കെജ്രിവാളിന്റെ പ്രതീക്ഷയാണ് ഇതോടെ നഷ്‌ടമായത്.
ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളിന്റെ ഹർജിയിൽ മറുപടി നൽകാൻ അന്വേഷണ ഏജൻസിയായ ഇഡിക്ക് ഏപ്രിൽ 27 വരെ സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് നോട്ടീസും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ഡൽഹി ഹൈക്കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് പരമോന്നത കോടതിയുടെ പടികയറാൻ കെജ്രിവാൾ തീരുമാനിച്ചത്.

വിവാദമായ ഡൽഹി മദ്യ നയം രൂപീകരിക്കുന്നതിലും 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആരോപണത്തെ സാധൂകരിക്കാൻ ആവശ്യമായ ചില വിശദാംശങ്ങൾ ഇഡി സമർപ്പിച്ചിട്ടുണ്ടെന്നാണ് കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ അറസ്‌റ്റ് നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഹൈക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചതോടെ വീണ്ടും കാത്തിരിക്കേണ്ടി വന്നു. കൂടാതെ പിന്നീട് തുടർ അവധികളും വന്നത് തിരിച്ചടിയായി.
മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. അടുത്ത ദിവസം ഡൽഹി റോസ് അവന്യൂ കോടതി കെജ്രിവാളിനെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവ്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്, ഫെഡറലിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് തന്റെ അറസ്‌റ്റ് എന്നായിരുന്നു കെജ്രിവാൾ കഴിഞ്ഞ ആഴ്‌ച പറഞ്ഞത്. കൂടാതെ എഎപി ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. ഇത് പകപോക്കൽ ആണെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെജ്രിവാൾ ജയിലിൽ കഴിയുന്നത് പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications