പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്; ഉടൻ അറസ്‌റ്റ് ചെയ്‌തേക്കും
ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. നേരത്തെ കേസിൽ യെദ്യൂരപ്പ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസ് സ്‌റ്റേഷനിലാണ് യെദ്യൂരപ്പക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ നേരത്തെ കേസ് സിഐഡിക്ക് കൈമാറുകയും ചെയ്‌തിരുന്നു.

തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ (ലൈംഗിക പീഡനം) പ്രകാരവും കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ യെദ്യൂരപ്പയുടെ അറസ്‌റ്റ് ഉടനുണ്ടായേക്കും.
ആവശ്യമെങ്കിൽ പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ അറസ്‌റ്റ് ചെയ്യുമെന്നും അത് സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
'നിയമം എല്ലാവർക്കും തുല്യമാണ്, ഇക്കാര്യത്തിൽ എന്ത് സംഭവിച്ചാലും, പോലീസ് നിയമപ്രകാരം തന്നെ പ്രവർത്തിക്കും, അദ്ദേഹം കുറ്റക്കാരനാണെന്നോ അല്ലെന്നോ ഞാൻ പറയില്ല, നിയമം ഒരുപോലെയാണ്. ആരും നിയമത്തേക്കാൾ വലിയവരല്ല.' കേസിനെ കുറിച്ച് സംസാരിക്കവേ കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുധനാഴ്‌ച സിഐഡി യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ താൻ ഡൽഹിയിലായതിനാൽ ജൂൺ 17ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി സിഐഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നൽകി.
നേരത്തെ കേസിന് ആസ്‌പദമായ ആരോപണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയർന്നത്. ഈ വർഷം മാർച്ചിൽ ആയിരുന്നു മുൻ മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടിയുടെ മാതാവ് രംഗത്ത് വന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ഒരു വഞ്ചനാക്കേസിൽ സഹായം തേടി മുതിർന്ന ബിജെപി നേതാവിനെ സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നതെന്നായിരുന്നു കുട്ടിയുടെ അമ്മ ആരോപിച്ചത്.












Click it and Unblock the Notifications