ഒരു ലിറ്റർ പെട്രോളിൽ എണ്ണക്കമ്പനികളുടെ ലാഭം എത്ര? കേട്ടാൽ ഞെട്ടുന്ന കണക്കുകൾ, ഡീസലിലും കൊള്ളലാഭം
മുംബൈ: ആഗോള തലത്തിൽ തന്നെ ക്രൂഡ് ഓയിൽ വില വലിയ ഇടിവ് നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എന്നിട്ടും ഇന്ത്യൻ വിപണിയിൽ അതിന്റെ യാതൊരു പ്രതിഫലനവും കാണാനില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്‌തുത. സാധാരണഗതിയിൽ ആഗോള വിപണിയിലെ വില വർധനവിനെ ആയുധമാക്കി വില ഉയർത്തുന്ന കമ്പനികൾ പക്ഷേ അതെ ഉത്സാഹം കുറയ്ക്കുന്നതിൽ കാണിക്കുന്നില്ല എന്നതാണ് പ്രധാന കാര്യം.
എന്നാൽ ഇതിനിടയിലാണ് ഞെട്ടിക്കുന്ന ചില കണക്കുകൾ കൂടി പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ എണ്ണവിൽപ്പന നടത്തുന്ന കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തെ കുറിച്ചുള്ളതാണ് ഈ നിർണായക വിവരം. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിങ്ങനെ എല്ലാ കമ്പനികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.

ഇപ്പോഴിതെ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് ഈ കമ്പനികൾ വാരുന്ന ലാഭം ആരെയും ഞെട്ടിക്കുന്നതാണ്. ഒരു ലിറ്റർ പെട്രോളിൽ നിന്ന് മാത്രം ഈ കമ്പനികൾ 15 രൂപയോളം ലാഭം ഉണ്ടാക്കുന്നു എന്നാണ് റിപ്പോർട്ട്. ഐസിആർഎയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഐസിആർഎ റിപ്പോർട്ട് അനുസരിച്ച് ഒരു ലിറ്റർ ഡീസലിൽ നിന്ന് മാത്രം 12 രൂപയോളം ഈ കമ്പനികൾ നേടിയെടുക്കുന്നുണ്ട്.
അതും ഇന്ത്യ പോലെ ജനസംഖ്യ വലിയ തോതിൽ ഉള്ള രാജ്യത്ത്, വാഹനങ്ങളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള രാജ്യത്ത് ഈ നിരക്ക് ആകെത്തുകയായി കണക്കാക്കുമ്പോൾ നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം ആയിരിക്കും എന്നതാണ് വാസ്‌തവം. ക്രൂഡ് ഓയിൽ വിലയിലെ വലിയ ഇടിവാണ് എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയരാൻ കാരണമായത്.
എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയരുമ്പോൾ
കേന്ദ്രമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം മുൻവർഷത്തെ അപേക്ഷിച്ച് വളരെ അധികമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ 86,000 കോടി രൂപയുടെ സംയോജിത ലാഭം നേടിയതായി അടുത്തിടെ പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു, ഇത് കഴിഞ്ഞ തവണത്തേതിനേക്കാൾ 25 ഇരട്ടിയോളം അധികമാണ്.
2022-23 സാമ്പത്തിക വർഷത്തിലെ 6980 കോടി രൂപയുടെ നഷ്‌ട വിപരീതമായി എച്ച്പി 16,014 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണ് ഇക്കുറി നേടിയത്. ബിപിസിഎല്ലിന്റെ നികുതിയാനന്തര ലാഭം 26,673 കോടി രൂപയോളമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഇതേ പാതയിൽ തന്നെയാണ്.
രാജ്യത്ത് എണ്ണവില കുറയുമോ?
ഈ വർഷം മാർച്ച് മുതൽ പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിൽപ്പന വിലയിൽ ഒരു മാറ്റവും വരുത്താൻ കമ്പനികൾ തയ്യാറായിട്ടില്ല. ഇത് ജനജീവിതത്തെ ആകെ ബാധിക്കുന്ന വിഷയമാണ് എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ രണ്ട് വർഷത്തോളമായി പല സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറിന് മുകളിലും ഡീസൽ വില തൊണ്ണൂറിന് മുകളിലുമാണ് (അതത് സംസ്ഥാനങ്ങളിൽ ചുമത്തുന്ന നികുതി ഉൾപ്പെടെ) എന്നത് പ്രത്യേക ഓർക്കണം.
ഇത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്ന് കൂടി ഓർക്കണം. പണപ്പെരുപ്പത്തെ നേരിട്ട് ബാധിക്കുന്ന എണ്ണവില എന്ന ഘടകം സാധാരണക്കാരന്റെ അടുക്കളയെ വരെ അവതാളത്തിലാക്കാൻ കെൽപുള്ള ഒരു കാര്യമാണ്. എന്നാൽ അതിന്റെ ഗൗരവത്തോടെ ഇതിനെ സമീപിക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. അതാണ് വില അതേപടി തുടരാൻ ഇടയാക്കുന്നത്. ഇതോടെ ചോദ്യ ചിഹ്‌നമാവുന്നത് സാധാരണക്കാരുടെ ജീവിതമാണ്.












Click it and Unblock the Notifications