കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കൂ, ഹിമാചലില്‍ ആദ്യ തീരുമാനം ആ പ്രഖ്യാപനമായിരിക്കുമെന്ന് രാഹുല്‍
ദില്ലി: ഹിമാചല്‍ പ്രദേശ് പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉള്ളത്. എന്നാല്‍ അവസാന മണിക്കൂറില്‍ ഗംഭീര പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഹിമാചലില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയും, സര്‍ക്കാരുണ്ടാക്കുകയും ചെയ്താല്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.
ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഒരു ലക്ഷം തൊഴില്‍ എന്ന വാഗ്ദാനം നടപ്പാക്കും. ഒപ്പം പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മാറിയിരിക്കുകയാണ് ഇത്.

പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരണമെന്ന് നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ചവരെല്ലാം ബിജെപിക്ക് എതിരായി മാറിയിരിക്കുകയാണ്. ഇവരെല്ലാം പെന്‍ഷന്‍ സ്‌കീമിനെ പിന്തുണയ്ക്കുന്നവരാണ്. അതോടൊപ്പം വിലക്കയറ്റവും, തൊഴിലില്ലായ്മയും അതിരൂക്ഷമായി തുടരുകയാണ് ഹിമാചലില്‍.
നേരത്തെ തന്നെ ഉപതിരഞ്ഞെടുപ്പിന്റെ രൂപത്തില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയതാണ്. എന്നാലും സംസ്ഥാനത്തെ സാഹചര്യമൊന്നും മാറിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് ഈ ഭരണവിരുദ്ധ വികാരത്തെ പൂര്‍ണമായി മുതലെടുക്കാന്‍ സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് പ്രചാരണത്തിലേക്ക് വരാന്‍ സാധിക്കാതിരുന്നതും വലിയ തിരിച്ചടിയാണ്.
കോണ്‍ഗ്രസ് യുവജനതയ്ക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുന്നു. സ്ത്രീകള്‍ക്കായി 1500 രൂപ നല്‍കും. അത് വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒപ്പം പഴയ പെന്‍ഷന്‍ പദ്ധതിയും തിരികെ കൊണ്ടുവരും. ഒരു ലക്ഷം തൊഴില്‍ അവസരങ്ങളുടെ കാര്യം ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപിക്കും.
എല്ലാ വീട്ടിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുണ്ടാവുക. ഹിമാചല്‍ പ്രദേശിന്റെ പുരോഗതി, എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണം, ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ പ്രതിജ്ഞ തന്നെയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ക്ലിക്കാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
അതേസമയം രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലാണ് ഇപ്പോഴുള്ളത്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 680 കോടി സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം തൊഴിലവസരങ്ങള്‍, 18നും അറുപത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1500 രൂപ, എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വന്‍ വാഗ്ദാനങ്ങള്‍. നവംബര്‍ 12നാണ് ഹിമാചലില്‍ വോട്ടെടുപ്പ്.
ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. ഇത്രയൊക്കെയായിട്ടും ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിക്കാറായിട്ടില്ല. തൂക്കുസഭയ്ക്ക് സാധ്യതയെന്ന് ചില സര്‍വേകള്‍ പ്രവചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയാവും.












Click it and Unblock the Notifications