രാജ്യത്ത് 38 ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയില്‍ 18 പേര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുതിയ കേസ്
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം പതിയെ വര്‍ധിക്കുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 38 ആയി ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലും ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദ്യത്തെ കേസാണ് കേരളത്തിലേത്. ബ്രിട്ടനില്‍ നിന്ന് അബുദാബി വഴി എറണാകുളത്ത് എത്തിയ വ്യക്തിക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ക്വാറന്റീനിലാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കേരളം നേരത്തെ തന്നെ ഒമൈക്രോണിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ പതിനെട്ടാമത്തെ ഒമൈക്രോണ്‍ കേസാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ വലിയ ഒത്തുച്ചേരലുകള്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തേക്കാണ് നിരോധം. നാഗ്പൂരിലാണ് ആദ്യ ഒമൈക്രോണ്‍ കേസ് ഇന്ന് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദില്ലി വഴി മഹാരാഷ്ട്രയിലെത്തിയ നാല്‍പ്പതുകാരനാണ് ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. ഡിസംബര്‍ ആറിന് വിമാനത്താവളത്തില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായിരുന്നു. ജെനോം ടെസ്റ്റ് റിപ്പോര്‍ട്ട് ഇന്നാണ് വന്നത്. അതിലാണ് ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശില്‍ അയര്‍ലന്‍ഡില്‍ നിന്ന് വന്നയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ വിശാഖപട്ടണത്താണ് ഉള്ളത്. ദില്ലി, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികളുള്ളത്. ഐസിഎംആറിന്റെ അസം യൂണിറ്റ് പുതിയൊരു ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒമൈക്രോണ്‍ രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ ഈ കിറ്റ് കൊണ്ട് സാധിക്കും. അതേസമയം ഈ കിറ്റ് വിദേശ യാത്രക്കാര്‍ക്ക് അടക്കം ഗുണം ചെയ്യും. നിലവില്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ വരാന്‍ ഒരുപാട് സമയമെടുക്കുന്നത് കൊണ്ട് ഒരുപാട് സമയം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
നേരത്തെ ഏഷ്യാ പസഫിക്ക് മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരോട് ആരോഗ്യ മേഖല ശക്തിപ്പെടുത്താനായിരുന്നു നിര്‍ദേശിച്ചത്. ഒപ്പം മൊത്തം ജനസംഖ്യയെയും വാക്‌സിനേറ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. അതിലൂടെ മാത്രമേ ഒമൈക്രോണ്‍ ഭീഷണിയെ നേരിടാന്‍ സാധിക്കൂ എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ 59ഓളം രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ് ഒമൈക്രോണ്‍. ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ ഉള്ളത്. അതേസമയം അതിതീവ്ര വ്യാപന ശേഷിയുള്ളതാണ് ഒമൈക്രോണെന്ന് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാരും പറഞ്ഞിരുന്നു.












Click it and Unblock the Notifications