ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ കേസെടുത്തു
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം നശിപ്പിച്ച സംഭവത്തിൽ ബെംഗളൂരുവിൽ മലയാളി യുവതിക്കെതിരെ കേസെടുത്തു. അപ്പാർട്ട്മെന്റിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളമാണ് യാതൊരു പ്രകോപനവുമില്ലാതെ യുവതി ചവിട്ടി നശിപ്പിച്ചത്. സംഭവത്തിൻെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാംബിഗേഹള്ളി പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്.
ബെംഗളൂരു തന്നിസാന്ദ്ര കോംപ്ലക്‌സിലെ മലയാളി കൂട്ടായ്‌മയാണ് സംഭവത്തിൽ പരാതി നൽകിയത്. യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇവിടുത്തെ മൊണാർക്ക് സെന്ററിനെറി അപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം.

പത്തനംതിട്ട സ്വദേശിനിയായ സിമി നായർക്ക് എതിരെയാണ് കേസെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമിക്കെതിരെ കേസെടുത്തിരിക്കുന്നത്. അപ്പാർട്ട്മെന്റിലെ കോമൺ ഏരിയയിലാണ് കുട്ടികൾ പൂക്കളം തീർത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്‌തു കൊണ്ട് സിമി ഇവിടേക്ക് വരികയായിരുന്നു. ശേഷം അവർ അതിന് മുകളിൽ കയറി സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
ഓണം കഴിഞ്ഞില്ലേ, ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളം ഇടാൻ പാടില്ല എന്നുൾപ്പെടെ യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. അതിനിടെ മലയാളികൾ ഉൾപ്പെടെ ചിലർ യുവതിയോട് പൂക്കളത്തിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. അവർ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തർക്കം മുറുകുന്നതിനിടെ യുവതിയും മറ്റ് ചിലരും തമ്മിൽ വാക്കേറ്റം രൂക്ഷമായി. ഇതോടെ സിമി പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ കേസ് കൊടുത്തത്. വീഡിയോ ചിലർ ട്വിറ്ററിൽ പങ്ക് വയ്ക്കുകയും ചെയ്‌തിരുന്നു. ഇതോടെ യുവതിയുടെ പ്രവർത്തിക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്.
ഈ സംഭവത്തിൻെ തുടർന്ന് ഓണസദ്യ ഉൾപ്പെടയുള്ള കൂടുതൽ പരിപാടികൾ പാർക്കിങ് ബേയിലേക്ക് മാറ്റേണ്ടി വന്നതായാണ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ പറയുന്നത്. കഴിഞ്ഞ 7 വർഷത്തോളമായി ഇവിടെ മലയാളി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്താറുണ്ട്, എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാവുന്നതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications