കണക്കിൽ അന്ന് നേടിയത് വെറും 51 മാർക്ക്; ഇന്ന് വിക്രം-1ന്റെ പിന്നിലെ കരങ്ങൾ, പവൻ കുമാർ എന്ന വിസ്‌മയം
ഹൈദരാബാദ്: റോക്കറ്റ് ശാസ്ത്രജ്ഞനാകുന്നത് എളുപ്പമുള്ള കാര്യമല്ല. അതിലും വലിയ കാര്യം എന്തെന്നാൽ ഒരു ശരാശരി വിദ്യാർത്ഥി പിന്നീട് റോക്കറ്റ് കമ്പനി സ്ഥാപിച്ച് ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്നത് തന്നെയാണ്. ഈ നേട്ടത്തിന് പിന്നിൽ അസാധാരണമായ അക്കാദമിക് മികവുകളോ പഠനത്തിൽ നേടിയ മെഡലുകളോ മാത്രമല്ല, ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് നിർണായകമെന്ന് പവൻ കുമാറും നാഗ ഭരത്തും തെളിയിച്ചിരിക്കുകയാണ്.
ഇവർ ചേർന്ന് സ്ഥാപിച്ച സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്ഥാപനമാണ് വിക്രം-1 എന്ന റോക്കറ്റ് വികസിപ്പിച്ചത്. ഈ റോക്കറ്റിന്റെ സങ്കീർണമായ അവിയോണിക്‌സ് സംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, പ്രധാന പരീക്ഷണങ്ങൾ എന്നിവയെല്ലാം ഹൈദരാബാദിലെ ഐടി കോറിഡോറിലായിരുന്നു നടന്നത്. ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1, 'മിഷൻ ആഗമൻ' എന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 12 മണി 6 മിനിറ്റിന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിക്കപ്പെട്ടു.

ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് കൺട്രോൾ സെന്ററിൽ എത്തിയിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും ഗാലറിയിൽ നിന്ന് റോക്കറ്റ് വിക്ഷേപണം ആവേശത്തോടെ വീക്ഷിച്ചു. ഈ ദൗത്യം വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രോ ശാസ്ത്രജ്ഞർക്കും സ്കൈറൂട്ട് സംഘത്തിനും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പവൻ കുമാറിന്റെ നേട്ടത്തിന് തിളക്കമേറെ
പവൻ കുമാർ ഹൈദരാബാദിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് ജനിച്ച് വളർന്നത്. ബാല്യകാലം മുതൽ തന്നെ പവന് യന്ത്രങ്ങളോടും സാങ്കേതിക വിദ്യയോടും വലിയ താൽപര്യമുണ്ടായിരുന്നു. പഠനത്തിൽ ആദ്യം പിന്നിലായിരുന്നെങ്കിലും പിതാവിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതോടെ പവൻ ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച പ്രാവീണ്യം നേടി.
കണക്ക് പരീക്ഷയിൽ 51 മാർക്ക് മാത്രം നേടിയ പവന്റെ വിജയം പല വിദ്യാർത്ഥികൾക്കും പ്രചോദനമാണ്. പിന്നീട് അദ്ദേഹം ഐഐടി ഖരഗ്‌പൂരിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി. അത് പക്ഷേ അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെ തുടക്കം മാത്രമായിരുന്നു. പലരുടെ സ്വപ്‍നം അവസാനിക്കുന്നത് ഐഐടിയിൽ പ്രവേശനം ലഭിക്കുമ്പോഴാണ്. അത് പവനെ സംബന്ധിച്ച് അതൊരു തുടക്കം മാത്രമായിരുന്നു.
ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ ഇസ്രോയിൽ ചേർന്നു. അവിടെ ആറ് വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം ജിഎസ്എൽവി മാർക്ക്-3 റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ചു. ഈ സംഭാവനയ്ക്ക് അദ്ദേഹത്തിന് ഇന്നൊവേഷൻ അവാർഡ് ലഭിക്കുകയും ചെയ്‌തു.
തുടർന്ന് 2018-ൽ തന്റെ സുഹൃത്തും ഐഐടി ബിരുദധാരിയുമായ നാഗ ഭരത്തിനൊപ്പം ചേർന്ന് ഹൈദരാബാദിൽ സ്കൈറൂട്ട് എയർോസ്പേസ് സ്ഥാപിച്ചു. പിന്നീട് ഇവരുടെ ഐഐടി. സീനിയറും ഫ്ലിപ്‌കാർട്ടിന്റെ സഹസ്ഥാപകനുമായ ബിന്നി ബൻസാൽ 1.5 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തി ഇവർക്ക് പിന്തുണ നൽകിയിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ ഈ ചരിത്ര നേട്ടത്തിലേക്ക് അവർ നടന്നടുത്തത്.













Click it and Unblock the Notifications