'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സ്ഥിരതയുള്ള ഭരണത്തിന് അനിവാര്യം'; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്‌ട്രപതി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് പങ്കുവച്ച സന്ദേശത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭരണഘടന ജീവനുള്ള രേഖയായി മാറിയെന്നും ജനങ്ങളെ ഒരു കുടുംബമായി ബന്ധിപ്പിക്കുകയാണെന്നും രാഷ്‌ട്രപതി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ത്യക്കാർ എന്ന നിലയിൽ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറ ഭരണഘടന നമുക്ക് നൽകുന്നുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സ്ഥിരതയുള്ള ഭരണത്തിന് അനിവാര്യമാണെന്നും ഭാരിച്ച ചിലവുകൾ കുറയ്ക്കാൻ ഉപകരിക്കുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി. നയപരമായ വീഴ്‌ചകൾ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും ഇത് നടപ്പാക്കുന്നതിലൂടെ കഴിയുമെന്നാണ് രാഷ്‌ട്രപതി ചൂണ്ടിക്കാണിക്കുന്നത്.

ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന കൊളോണിയൽ ചിന്താഗതി മാറ്റാൻ കേന്ദ്ര സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.
പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ, കുറ്റകൃത്യങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭ്യമാക്കുന്നതിനാണ് നടപ്പാക്കിയതെന്നും രാഷ്‌ട്രപതി പറയുന്നു. കൊളോണിയൽ ചിന്തഗതി മാറ്റാനുള്ള നല്ല ശ്രമമായിരുന്നു ഇതെന്നും മുർമു പറഞ്ഞു.
ഇത്രയും വ്യാപ്‌തിയുള്ള പരിഷ്‌കാരങ്ങൾക്ക് വീക്ഷണത്തിന്റെ ധീരത ആവശ്യമാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ സമന്വയിപ്പിക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലാണ് സദ്ഭരണ വ്യവസ്ഥകൾ പുനർനിർവചിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു പ്രധാന നടപടി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് രാഷ്‌ട്രപതി പറയുന്നു.
സ്വാതന്ത്ര്യ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളും കടുത്ത ദാരിദ്ര്യവും പട്ടിണിയും നേരിട്ടിരുന്നു. എങ്കിലും നമ്മൾ സ്വയം ഒരു വിശ്വാസം നിലനിർത്തുകയും വളർച്ചയ്ക്ക് സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുകയായിരുന്നു; ഭരണഘടനയുടെ പ്രാധാന്യത്തെയും കഴിഞ്ഞ 75 വർഷങ്ങൾക്ക് ഇടയിൽ സ്വന്തമാക്കിയ നേട്ടങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ദ്രൗപതി മുർമു വ്യക്തമാക്കി.
സമീപ വർഷങ്ങളിലെ രാജ്യത്തിന്റെ ഉയർന്ന വളർച്ചാ നിരക്ക് രാഷ്‌ട്രപതി തന്റെ സന്ദേശത്തിൽ പരാമർശിച്ചു. ഇതിലൂടെ കർഷകർക്കും തൊഴിലാളികൾക്കും വരുമാനം വർധിപ്പിച്ചു, തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു, നിരവധി പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications