പുരി ജഗന്നാഥ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു; നൂറിലേറെ പേർക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് ഒരാൾ മരിച്ചു. അപകടത്തിൽ ഏകദേശം നൂറോളം ഭക്തർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ലക്ഷക്കണക്കിന് ഭക്തർ ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവരുടെ രഥങ്ങൾ വലിക്കുന്ന ചടങ്ങ് കാണാനായി ബഡാ ഡാണ്ടയിൽ ഒത്തുകൂടിയ സമയത്താണ് സംഭവം ഉണ്ടായത്.
ലഭ്യമായ പ്രാഥമിക വിവരങ്ങൾ പ്രകാരം, കടുത്ത തിരക്കിനിടെ ശ്വാസതടസം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ പുരി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ പിന്നീട് മരണം സ്ഥിരീകരിച്ചു. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

ഏകദേശം 100 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടെങ്കിലും, കൃത്യമായ കണക്ക് അധികൃതർ ഇതുവരെ പറഞ്ഞിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ മതപരമായ ആഘോഷങ്ങളിൽ ഒന്നായ ജഗന്നാഥ രഥയാത്രയിൽ പങ്കെടുക്കാൻ എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പുരിയിലെത്തുന്നത്.
അപകടവിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തിയിരുന്നു. ജഗന്നാഥ ക്ഷേത്രത്തിന്റെ സിംഹദ്വാരത്തിന് സമീപം തിരക്ക് കൂടിയതോടെ നിരവധി ഭക്തരെ സ്ട്രെച്ചറുകളിൽ മാറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്യേണ്ടി വന്നിരുന്നു.
സമാനമായി കഴിഞ്ഞ വർഷവും പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഭക്തർക്ക് ജീവൻ നഷ്‌ടമായിരുന്നു. ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം പുലർച്ചെ 4 മുതൽ 5 മണിവരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തർ ചടങ്ങുകൾക്കായി എത്തിയതോടെ ഉണ്ടായ തിരക്കിൽ മൂന്ന് ഭക്തരാണ് മരണപ്പെട്ടത്. അൻപതിലധികം ഭക്തർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപകടത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി അധികൃതർ പുറത്തുവിട്ടിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.


Click it and Unblock the Notifications