പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!
ഭുവനേശ്വര്‍: ഒഡീഷയിലെ സ്വകാര്യ ചാനലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദം. ചാനലിന്റെ എംഡിയായ ജാഗി പാണ്ഡെയും പെണ്‍കുട്ടിയുടെ അമ്മയും തമ്മിലുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ജഗി പാണ്ഡെ ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെയുടെ ഭാര്യയാണ്. ഒഡീഷയിലെ ഏറ്റവും പഴക്കം ചെന്ന ചാനലുകളിലൊന്നാണ് ഒടിവി. ജാഗിയും പെണ്‍കുട്ടിയുടെ അമ്മയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ ചാനലിന്റെ ഓഫീസിലേക്ക് കൊണ്ടുവരാനാണ് ജാഗി പാണ്ഡെ ആവശ്യപ്പെടുന്നത്. അതിന് ശേഷം നടപടിയെടുക്കാമെന്നും ഇവര്‍ കുട്ടിയുടെ അമ്മയോട് പറയുന്നുണ്ട്. ഒഡീഷ ബാലാവകാശ കമ്മീഷന്‍ നേരത്തെ പോലീസ് കമ്മീഷണറോടും ഖോര്‍ദ ജില്ലാ കളക്ടറോടും ജാഗി പാണ്ഡെയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചാനലിലെ ജീവനക്കാര്‍ തന്നെയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇത്തരമൊരു സംഭവം നടന്നിട്ടും ഗൗരവത്തോടെ കാണാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
ഇതേ ചാനലില്‍ റിസപ്ഷനിസ്റ്റാണ് പെണ്‍കുട്ടിയുടെ അമ്മ. ഇവര്‍ നേരത്തെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി 15 ദിവസത്തോളം പെണ്‍കുട്ടിയെ ചാനലിലെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ പെണ്‍കുട്ടിയുടെ കൈകളും കാലുകളും കെട്ടിയിച്ച ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഈ ക്രൂര കൃത്യത്തിന്റെ വീഡിയോകളും ഇവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവം പുറത്തുപറയുകയോ തങ്ങളുടെ പേര് വെളിപ്പെടുത്തുകയോ ചെയ്താല്‍ പെണ്‍കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ വിഷയം ഞാന്‍ ചാനല്‍ എംഡിയോടാണ് പറഞ്ഞത്. എന്നാല്‍ ഒരു നടപടിയും ഇവര്‍ക്കെതിരെ ഉണ്ടായില്ല. ഈ വിഷയം അവര്‍ മറച്ചുവെച്ചെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകരുതെന്നും ജാഗി പാണ്ഡെ തന്നോട് പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ പോക്‌സോ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ് ജാഗി പാണ്ഡെ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇവര്‍ കമ്മീഷണറോടും കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications