കേന്ദ്രത്തിന്റെ സെഡ് കാറ്റഗറി സുരക്ഷ വേണ്ട, അക്രമികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ഒവൈസി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ സെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. നേരത്തെ ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രചാരണത്തിന് ശേഷം ദില്ലിയിലേക്ക് തിരിച്ചുവരുന്നതിനിടെ ഒവൈസിയുടെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ തനിക്ക് സുരക്ഷ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഒവൈസി. തനിക്ക് സെഡ് കാറ്റഗറി സുരക്ഷ വേണ്ട. തനിക്ക് ഈ രാജ്യത്തെ ഒന്നാം നിര പൗരനായിരിക്കുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു. അത് എല്ലാവര്‍ക്കും തുല്യമായ ഒന്നായിരിക്കണമെന്നും ഒവൈസി പാര്‍ലമെന്റില്‍ പറഞ്ഞു.

എനിക്കെതിരെ വെടിവെച്ചവര്‍ക്കെതിരെ എന്തുകൊണ്ട് യുപിഎ ചുമത്തിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും മുസ്ലീങ്ങള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം അതിശക്തമായി ഉപയോഗിക്കുന്നുണ്ട്. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. എന്നാല്‍ തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ ആ വകുപ്പ് ചുമത്താതിരുന്നത് എന്ത് കൊണ്ടാണ്. എനിക്കും ജീവിക്കണം. ഭയമില്ലാതെ സംസാരിക്കാന്‍ സാധിക്കണം. പാവപ്പെട്ടവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ എന്റെ ജീവനും സുരക്ഷിതത്വമുണ്ടാവും. എന്റെ കാറിന് നേരെ വെടിവെച്ചവര്‍ പോലുള്ളവര്‍ വന്നാലും ഭയപ്പെടില്ലെന്നും ഒവൈസി വ്യക്തമാക്കി.
നേരത്തെ ഒവൈസിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒവൈസിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ രണ്ട് പേരെ മീററ്റില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നോയിഡ സ്വദേശിയായ സച്ചിന്‍ നേരത്തെ തന്നെ കൊലക്കുറ്റം നേരിടുന്ന വ്യക്തിയാണ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ അംഗമാണെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. ദേശഭക്ത് സച്ചിന്‍ ഹിന്ദു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ മുതല്‍ ചന്ദ്രബാബു നായിഡു വരെയുള്ളവരുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
അറസ്റ്റിലായ മറ്റൊരാള്‍ ശുഭം എന്നയാളാണ്. ഇയാള്‍ സഹാരണ്‍പൂരില്‍ നിന്നുള്ള കര്‍ഷകനാണ്. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഒവൈസിയും അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിയും നടത്തിയ പരാമര്‍ശങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെയാണ് ഇവര്‍ ഇത് വാങ്ങിയത്. എവിടെ നിന്നാണ് ഇവര്‍ക്ക് തോക്കുകള്‍ ലഭിച്ചതെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് വെടിയുണ്ടകള്‍ ഒവൈസിയുടെ കാറില്‍ തുളച്ച് കയറിയ പാടുണ്ട്. മൂന്നാമത്തെ വെടിയുണ്ട ടയറിനാണ് കൊണ്ടത്.












Click it and Unblock the Notifications