അവിവാഹിതരോട് നോ പറഞ്ഞ് ഓയോ, ഇനി ബന്ധം തെളിയിക്കുന്ന രേഖ വേണം; തുടക്കം ഈ നഗരത്തിൽ നിന്ന്
ന്യൂഡൽഹി: പുതുവർഷത്തിൽ നിർണായക മാറ്റങ്ങളുമായി പ്രമുഖ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ഇനി മുതൽ ഓയോ മുഖേന അവിവാഹിതർക്ക് റൂം എടുക്കാൻ കഴിയില്ലെന്നതാണ് ഇതിൽ ഏറ്റവും പ്രധാന മാറ്റം. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലാണ് മീററ്റിലാണ് പുതിയ നിയന്ത്രണം നടപ്പിലാക്കാൻ ഓയോ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ ചെക്ക്-ഇൻ മീററ്റിൽ നടപ്പിലാക്കിയ ശേഷം പിന്നീട് എല്ലായിടത്തും വ്യാപിപ്പിക്കാനാണ് അവരുടെ തീരുമാനം.
പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെയാണ് ഓയോ നിർണായക മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹം കഴിക്കാത്ത പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും മുറി ബുക്ക് ചെയ്യാനാവില്ലെന്ന പുതിയ ചെക്ക്-ഇന്‍ റൂള്‍ പാര്‍ട്‌ണര്‍ ഹോട്ടലുകള്‍ക്കായി ഓയോ മീറ്ററില്‍ പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യുന്നവര്‍ ഉൾപ്പെടെ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്നാണ് ഓയോയുടെ പുതിയ നിയമാവലിയില്‍ വ്യക്തമാക്കുന്നത്.

അടിയന്തരമായി ഈ നിയമം നടപ്പാക്കാനാണ് ഓയോ മീററ്റിലെ ഹോട്ടല്‍ പാര്‍ട്‌ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ മറ്റിടങ്ങളിലേക്ക് കൂടി ഇത് കൊണ്ട് വരുന്നതിന്റെ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ലങ്കിലും ഭാവിയിൽ അതുണ്ടാവുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ നിയന്ത്രണം നടപ്പിലാവുന്നതോടെ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്തവർക്കും, വിവാഹിതരല്ലാത്തവർക്കും ഒന്നിച്ച് റൂമെടുക്കാന്‍ ഓയോ മുഖേന സാധിക്കില്ല. ചെക്ക്-ഇന്‍ റൂളുകളില്‍ മാറ്റം വേണമെന്ന കാലങ്ങളായി ഉയരുന്ന ആവശ്യം കണക്കിലെടുത്താണ് ഓയോയുടെ നടപടി. ഇക്കാര്യത്തിൽ വിവിധ നഗരങ്ങളിലെ സാമൂഹ്യ സംഘടനകൾ ഉൾപ്പെടെ നിരന്തരം ആവശ്യമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായിരുന്നു.
'സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ തന്നെ, ഞങ്ങൾ പ്രവർത്തിക്കുന്ന മൈക്രോ മാർക്കറ്റുകളിലെ നിയമപാലകരുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും അവയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തവും ഞങ്ങൾ തിരിച്ചറിയുന്നു.' ഒയോ നോർത്ത് ഇന്ത്യ റീജിയൻ ഹെഡ് പവാസ് ശർമ്മയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അവിവാഹിതരായ കപ്പിൾസിന് ഓയോ മുഖേന റൂം എടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ വിവിധ നഗരങ്ങളിൽ ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് നിലനിന്നിരുന്നു. നിലവിൽ ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തിയ മീററ്റിൽ നിന്നുൾപ്പെടെ സാമൂഹ്യ സംഘടനകളും ജനകീയ കൂട്ടായ്‌മകളും ഇക്കാര്യത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഓയോ തങ്ങളുടെ നയങ്ങളിൽ കാതലായ പരിഷ്‌കാരം കൊണ്ടുവരുന്നത്.
അതേസമയം, ഈ പുതുവത്സര രാത്രിയിൽ രാജ്യത്ത് ലക്ഷക്കണക്കിന് പേരാണ് ഓയോ റൂമുകൾ ഉപയോഗിച്ചത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 10 ലക്ഷത്തിലധികം ആളുകളാണ് പുതുവത്സര രാതി മുറികൾ ഉപയോഗിച്ചതെന്നാണ് ഓയോ സിഇഒ റിതേഷ് അഗർവാൾ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 58 ശതമാനം വർധനയാണ് ഇക്കുറി ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications