ഒന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയോട് ചോദിക്കൂ; കേന്ദ്ര ഫണ്ടിൽ മോദിയെ വിമർശിച്ച് പി ചിദംബരം
ചെന്നൈ: കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അവകാശവാദത്തെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. 2014ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് എൻഡിഎ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്‌നാടിന്റെ വികസനത്തിനായി മൂന്നിരട്ടിയിലധികം ഫണ്ട് അനുവദിച്ചതായി നരേന്ദ്ര മോദി ഇന്ന് രാമേശ്വരത്ത് വച്ച് നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായാണ് യുപിഎ സർക്കാരിലെ ധനമന്ത്രി കൂടിയായിരുന്ന ചിദംബരം രംഗത്ത് വന്നത്. കേന്ദ്ര ഫണ്ട് വിഹിതത്തിലെ വാർഷിക വർധനവ് ഒരു സാധാരണ പ്രക്രിയയുടെ ഭാഗമാണെന്നും ഇതൊരു അടിസ്ഥാന അറിവാണെന്നും ഒന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിക്ക് പോലും വിശദീകരിക്കാൻ കഴിയുന്ന ഒന്നാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

വാർഷിക വിഹിതം കാലക്രമേണ വർധിക്കുമെന്ന് പറഞ്ഞുകൊണ്ട് ചിദംബരം നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ജിഡിപിയുടെ അനുപാതത്തിന് അനുസൃതമായി വിഹിതം വർധിച്ചിട്ടുണ്ടോ അതോ മൊത്തത്തിലുള്ള സർക്കാർ ചെലവിൽ വർധനവുണ്ടോ എന്നതാണ് യഥാർത്ഥത്തിൽ ഇതിൽ പ്രധാനമെന്ന് ചിദംബരം വാദിച്ചു.
'2004-14ൽ നൽകിയതിനേക്കാൾ കൂടുതൽ പണം 2014-24ൽ തമിഴ്‌നാടിന് നൽകിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നിരന്തരം പറയാറുണ്ട്. ഉദാഹരണത്തിന്, തമിഴ്‌നാട്ടിലെ റെയിൽവേ പദ്ധതികൾക്ക് തന്റെ സർക്കാർ മുമ്പത്തേക്കാൾ ഏഴ് മടങ്ങ് കൂടുതൽ പണം നൽകിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞു' ചിദംബരം ചൂണ്ടിക്കാട്ടി.
ഇക്കാര്യം ഒരു ഒന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയോട് ചോദിക്കുക. 'എക്കണോമിക് മെട്രിക്' എല്ലായ്‌പ്പോഴും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് അവർ നിങ്ങളോട് പറയും; ചിദംബരം പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ പാടേ തള്ളിക്കൊണ്ട് പറഞ്ഞു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
'ജിഡിപിയുടെ വലിപ്പം ഇപ്പോൾ മുമ്പത്തേക്കാൾ വലുതാണ്. കേന്ദ്ര ബജറ്റിന്റെ വലിപ്പം മുൻ വർഷത്തേക്കാൾ എല്ലാ വർഷവും വലുതാണ്. സർക്കാരിന്റെ മൊത്തം ചെലവ് മുൻ വർഷത്തേക്കാൾ ഓരോ വർഷവും കൂടുന്നു. നിങ്ങളുടെ പ്രായം മുൻ വർഷത്തേക്കാൾ ഒരു വർഷം കൂടുതലാണ്. 'സംഖ്യകളുടെ' കാര്യത്തിൽ, അത് കൂടുതലായിരിക്കും, പക്ഷേ ജിഡിപിയുടെ അനുപാതത്തിലോ മൊത്തം ചെലവിന്റെ അനുപാതത്തിലോ അത് കൂടുതലാണോ?' ചിദംബരം ചോദിക്കുന്നു.
രാമേശ്വരത്ത് ഇന്ന് രാവിലെ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചുവെന്ന ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ആരോപണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായി എതിർത്തത്. റെയിൽവേ, റോഡ് പദ്ധതികൾ, കേന്ദ്ര പദ്ധതികൾ എന്നിവയ്ക്കുള്ള വിഹിതത്തിൽ പലമടങ്ങ് വർധനവ് ഉണ്ടായതായാണ് അദ്ദേഹം വ്യക്തമാക്കിയത്.
തമിഴ്‌നാടിനുള്ള വിഹിതം വർധിപ്പിച്ചിട്ടും ചിലർ ഫണ്ടിനായി കരയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമേശ്വരത്തേത് ഉൾപ്പെടെ 77 റെയിൽവേ സ്‌റ്റേഷനുകൾ സർക്കാർ ആധുനികവൽക്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ, ഗ്രാമീണ റോഡുകളിലും ഹൈവേകളിലും ധാരാളം പ്രവർത്തനങ്ങൾ പത്ത് വർഷത്തിനിടയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മണ്ഡല അതിർത്തി നിർണയത്തിലൂടെ രാഷ്ട്രീയമായും ത്രിഭാഷാ നയത്തിലൂടെ സാംസ്‌കാരികമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ നിരന്തരം ആരോപിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പാലിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും സ്‌റ്റാലിൻ പറഞ്ഞിരുന്നു.
അതിന് മറുപടിയായാണ് പ്രധാനമന്ത്രി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പിന് പ്രതികാരമായി കേന്ദ്രം 2,000 കോടിയിലധികം രൂപ തടഞ്ഞുവച്ചതായി ഡിഎംകെ സർക്കാർ അടുത്തിടെ ആരോപിച്ചു. കേന്ദ്രവും ഡിഎംകെയും തമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയിൽ നിൽക്കെയാണ് മോദി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി മോദി പാമ്പൻ പാലം ഉദ്ഘാടനം ചെയ്‌തപ്പോൾ, സ്‌റ്റാലിൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു. നീലഗിരിയിലെ സർക്കാർ നടത്തുന്ന മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌റ്റാലിൻ ഈ സമയം. പാർലമെന്റിലെ എംപിമാരുടെ നിലവിലെ അനുപാതം സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രം ഉറപ്പ് നൽകണമെന്ന് ഇന്നും തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാടിന്റെ ന്യായമായ ഭയം ഇല്ലാതാക്കാൻ ഞാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നു. ജനസംഖ്യ നിയന്ത്രിണം ഫലപ്രദമായി നടത്തിയ സംസ്ഥാനങ്ങളിലെ എംപിമാരുടെ അനുപാതവും ശതമാനവും കുറയില്ലെന്ന് തമിഴ്‌നാടിന്റെ മണ്ണിൽ നിന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകണമെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ദേശീയ വിദ്യാഭ്യാസ നയവും ഭാഷാ വിവാദവും മുറുകുന്നതിനിടെയാണ് ഫണ്ട് വിവാദവും ശക്തമാവുന്നത്.
എന്നാൽ ഇത്രയൊക്കെ വിവാദങ്ങൾ നിലനിൽക്കെ മോദി തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയതെന്നതും ശ്രദ്ധേയമായ കാര്യമാണ്. രാമേശ്വരത്ത് പുതിയ പാമ്പൻ പാലം ഉൾപ്പെടെ 8300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്‌തുവെന്നതാണ് ഇന്നത് സന്ദർശനത്തിന്റെ ലക്ഷ്യം.
ബിജെപി ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പോ?
അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ സംസ്ഥാനത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് ഇക്കുറി വിജയുടെ പാർട്ടി കൂടി മത്സര രംഗത്തേക്ക് വരുന്നതോടെ വോട്ടുകൾ വിഭജിക്കപ്പെടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
മാത്രമല്ല തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായി സഖ്യത്തിൽ എത്താനുള്ള സാധ്യതയും വളരെയധികം. അടുത്തകാലത്തായി ഇതുമായി ബന്ധപ്പെട്ട പല സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സഖ്യസാധ്യതകൾ പൂർണമായും തള്ളാൻ എഐഎഡിഎംകെയും തയ്യാറായിരുന്നില്ല.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമാവാൻ നേതൃമാറ്റം ഉൾപ്പെടെ ബിജെപി ആലോചിക്കുന്നുണ്ട്. നേരത്തെ കേരളത്തിൽ ഉൾപ്പെടെ സംസ്ഥാന അധ്യക്ഷനെ മാറ്റിയത് ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. അടുത്ത വർഷം തന്നെയാണ് കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുക എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നയം.
കേരളത്തിൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് സ്വന്തമാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ രണ്ട് തിരഞ്ഞെടുപ്പുകളിലും സംപൂജ്യരായാണ് അവർ മടങ്ങിയത്. ഈ സാഹചര്യത്തിൽ പ്രവർത്തനം വിപുലീകരിക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മോദിയും അമിത് ഷായും ഉൾപ്പെടെ സംസ്ഥാനം സന്ദർശിക്കുന്നതും.
മാത്രമല്ല സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാൻ ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ബിജെപി എന്ന ആരോപണവും ശക്തമാണ്. കൂടുതൽ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ മുടങ്ങിയാൽ അത് വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് എതിരെ ആയുധമാക്കുകയാവും ബിജെപിയുടെ ഉദ്ദേശം. ഒപ്പം നേരിട്ടുള്ള കേന്ദ്ര പദ്ധതികൾ കൂടുതലായി ഇവിടെ നടപ്പിലാക്കാമെന്നും അവർ കരുതുന്നു.
ഇതുകൂടാതെ ലോക്‌സഭയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ബിജെപി പ്രാതിനിധ്യം വർധിപ്പിക്കാനും അവർ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മണ്ഡല അതിർത്തി പുനർനിർണയം ഇതിന്റെ ഭാഗമാണെന്നാണ് പ്രധാനമായും ഉയരുന്ന സംശയം. ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ.
2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കാക്കി കൂടുതൽ പ്രവർത്തനം തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ കനിഞ്ഞാൽ ലോക്‌സഭയിൽ പഴയത് പോലെ വമ്പൻ ഭൂരിപക്ഷത്തോടെ ഭരിക്കാമെന്ന് ബിജെപി നേതൃത്വം കരുതുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications