കൂറുമാറ്റം പാര്‍ട്ടികളെ ശുദ്ധീകരിക്കാന്‍.... ബിജെപി ജനങ്ങളെ വഞ്ചിക്കില്ല, ട്രോളുമായി പി ചിദംബരം
ദില്ലി: ബീഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് പി ചിദംബരം. ബിജെപി ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ല എന്ന വാക്ക് ഉപയോഗിച്ചായിരുന്നു പരിഹാരം. ബിജെപി മറ്റ് പാര്‍ട്ടി പിളര്‍ത്തുന്നതും എംഎല്‍എമാരെ കൂറുമാറ്റുന്നതും ആ പാര്‍ട്ടികളെ ശുദ്ധീകരിക്കാനാണെന്നും ചിദംബരം പരിഹസിച്ചു.

പാര്‍ട്ടികളിലെ കൂറുമാറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപി എപ്പോഴും പറയാറുള്ളത്. കോണ്‍ഗ്രസിലെയോ മറ്റ് പ്രാദേശിക പാര്‍ട്ടികളിലെയോ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി വിടുന്നന്നവരെ തങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസം.
ബിജെപി ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ല. കൂറുമാറ്റത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു ക്ഷേമ കാര്യമാണ്. കൂറുമാറ്റക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നത് അവരെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് ആ സംസ്ഥാനത്തെ ഭരണത്തിന് ഉറപ്പ് കൊണ്ടുവരുന്നതിന് വേണ്ടിയാണെന്നും ചിദംബരം പരിഹസിച്ചു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുന്നത് നിയമത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ വേണ്ടിയാണ്. അതിലൂടെ നിയമത്തെ കൂടുതല്‍ കരുത്തുറ്റ ആയുധമാക്കാന്‍ സാധിക്കുമെന്നും ചിദംബരം പരിഹസിച്ചു.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം റഷ്യ, ചൈന, തുര്‍ക്കി, വിയറ്റ്‌നാം, ഉത്തര കൊറിയ രാജ്യങ്ങളിലേത് പോലെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഇതിനോടകം ട്വീറ്റ് വൈറലായിരിക്കുകയാണ്. നേരത്തെ നിതീഷ് കുമാര്‍ ചതിച്ചുവെന്നായിരുന്നു ബിജെപി ആരോപിച്ചത്.
ബിജെപിക്കൊപ്പം നിന്ന് ജനവിധി സ്വന്തമാക്കുകയും പിന്നീട് ആ ജനവിധിയെ അട്ടിമറിക്കുകയുമാണ് നിതീഷ് ചെയ്തിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അതേസമയം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്താണ് നിതീഷ് കുമാര്‍ ബിജെപിയെ കൈവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതോടെ കോണ്‍ഗ്രസ് ശക്തമാക്കുകയും ചെയ്തു. പക്ഷേ ഏത് നിമിഷവും ബിജെപിയില്‍ നിന്നൊരു അട്ടിമറി നീക്കം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി പദ്ധതി ഒരുക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ നടന്നത് പോലൊരു അട്ടിമറി അമിത് ഷാ പ്ലാന്‍ ചെയ്‌തേക്കുമെന്നാണ് ഭയം.












Click it and Unblock the Notifications