പഹൽഗാം ആക്രമണം; ഭീകർക്ക് സഹായം നൽകിയ 15 പ്രദേശവാസികളെ തിരിച്ചറിഞ്ഞു, കർശന നടപടി ഉണ്ടാവും
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ പാകിസ്ഥാൻ ഭീകരർക്ക് സഹായം നൽകിയതിൽ പ്രധാനികളായ പതിനഞ്ച് പ്രാദേശിക വ്യക്തികളെയും തീവ്രവാദ സഹായികളെയും തിരിച്ചറിഞ്ഞതായി റിപ്പോർട്ട്, ഇവരെ ഇലക്ട്രോണിക് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞതെന്നാണ് സൂചന. പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇവർ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിവിധ ഏജൻസികളുടെ അന്വേഷണത്തിന് ഒടുവിൽ അഞ്ച് പ്രധാന പ്രതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അവരിൽ മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തുവെന്നുമാണ് വിവരം. ഇവർ അറസ്‌റ്റ് നേരിടേണ്ടി വന്നേക്കാമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ആക്രമണം നടന്ന ദിവസവും അതിനുമുമ്പും അഞ്ചുപേരും സമീപ ഇടങ്ങളിൽ ഉണ്ടായിരുന്നു, കൂടാതെ ഇവരുടെ ഫോണുകൾ പ്രദേശത്ത് സജീവമായിരുന്നു.

പഹൽഗാമിലെ പാകിസ്ഥാൻ തീവ്രവാദികളെക്കുറിച്ചും അവരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചും പിടിയിലായ മൂന്ന് പ്രധാന പ്രതികൾ പരസ്‌പരം സംസാരിക്കുന്ന ഒരു ചാറ്റ് ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാധ്യതയുള്ള സംഭവങ്ങൾ കണ്ടെത്തുന്നതിനായി 200 ലധികം തീവ്രവാദ സഹായികളെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തെക്കൻ കശ്‌മീരിൽ നിന്നുള്ള 15 പ്രാദേശിക തീവ്രവാദ സഹായികളെ ഇതിനകം ജമ്മു കശ്‌മീ പോലീസ് നടപടി കർശനകമാക്കാൻ ഒരുങ്ങുകയാണ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെക്കൻ കശ്‌മീരിലുടനീളം ഒന്നിലധികം ആക്രമണങ്ങളിൽ ഉൾപ്പെട്ട പാകിസ്ഥാൻ തീവ്രവാദികൾക്ക് സൗകര്യമൊരുക്കി, ലോജിസ്‌റ്റിക്‌സിൽ സഹായിച്ചു, കാടുകളിലൂടെ അവരെ നയിച്ചു, ഭീകരാക്രമണങ്ങളിൽ ഉപയോഗിക്കുന്നതിനായി പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ സ്വീകരിച്ചു എന്നിങ്ങനെയാണ് ഇവർക്ക് മേലുള്ള കുറ്റങ്ങൾ.
അതേസമയം, ആക്രമണത്തിന് ശേഷം മേഖലയിൽ നിന്ന് രക്ഷപ്പെട്ട ഭീകരർക്കായി ബൈസാരന് ചുറ്റുമുള്ള കാടുകളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമീപ പട്ടണങ്ങളിലും ജില്ലകളിലും നടത്തിയ തിരച്ചിലിൽ ഇതുവരെ അക്രമികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലാത്തതിനാൽ, പുൽമേട് ചെന്ന് ചേരുന്ന ഇടതൂർന്ന വനങ്ങളിൽ അവർ ഇപ്പോഴും ഒളിച്ചിരിക്കാമെന്ന് സൈന്യം സംശയിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് ഭീകരർ, തങ്ങളുടെ പദ്ധതി നടപ്പിലാക്കുന്നതിനായി കൊക്കർനാഗ് വനങ്ങളിൽ നിന്ന് മനോഹരമായ ബൈസരൻ താഴ്‌വരയിലേക്ക് ഏകദേശം 20 മുതൽ 22 മണിക്കൂർ വരെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചുവെന്നാണ്.
പഹൽഗാമിൽ നടന്ന ആക്രമണത്തിനിടെ രണ്ട് മൊബൈൽ ഫോണുകൾ, ഒന്ന് പ്രദേശവാസിയുടേതും മറ്റൊന്ന് ഒരു വിനോദസഞ്ചാരിയുടേതും ഭീകരർ തട്ടിയെടുത്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂട്ടക്കൊലയിൽ നാല് അക്രമികൾ ഉൾപ്പെട്ടിരുന്നുവെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. അതിൽ മൂന്ന് പാകിസ്ഥാൻ ഭീകരരും ഒരു പ്രാദേശിക ഭീകരനായ ആദിൽ തോക്കറും ഉൾപ്പെടുന്നു.
തീവ്രവാദത്തിലേക്ക് ആകൃഷ്‌ടനായതിന് ശേഷം 2018ൽ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്ന തോക്കർ, സാധുവായ രേഖകൾ ഉപയോഗിച്ച് നിയമപരമായി പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. അവിടെ ലഷ്‌കർ-ഇ-തൊയ്ബയിൽ നിന്ന് യുദ്ധ പരിശീലനം നേടിയ ശേഷം 2024ലാണ് ഇയാൾ വീണ്ടും കശ്‌മീർ താഴ്‌വരയിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയതിന് പിന്നാലെ പാക് ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു തോക്കർ.
ആക്രമണസമയത്ത് തീവ്രവാദികൾ എകെ-47, എം4 അസോൾട്ട് റൈഫിളുകൾ ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമാണ്. ഇവിടെ നിന്നും കണ്ടെടുത്ത വെടിയുണ്ടകളാണ് ഇക്കാര്യത്തിൽ നിർണായകമായത്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിനെത്തുടർന്ന് എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്‌ച മുതൽ എൻഐഎ പ്രതിനിധികൾ മേഖലയിൽ തന്നെ തുടരുകയാണ്.












Click it and Unblock the Notifications