തുടർച്ചയായ അഞ്ചാം ദിനവും വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം; സംഭവം കുപ്‍വാര, ബാരാമുള്ള അതിർത്തികളിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം തുടർച്ചയായ അഞ്ചാം ദിവസം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം ഇതിനെതിരെ ഫലപ്രദമായ രീതിയിൽ പ്രതികരിച്ചതായി അധികൃതർ അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ഇന്ത്യ-പാക് അതിർത്തിയിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞയാഴ്‌ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വെടിവയ്പ്പ് ഉണ്ടായത് എന്നതാണ് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കുപ്‍വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്‌നൂർ സെക്‌ടറിലുമാണ് വെടിവയ്പ്പ് നടന്നത്.

'ഏപ്രിൽ 28-29 രാത്രിയിൽ, കുപ്‍വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്‌നൂർ സെക്‌ടറിലും നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവച്ചു. പ്രകോപനത്തിന് ഇന്ത്യൻ സൈന്യം കൃത്യമായും ഫലപ്രദമായും മറുപടി നൽകി' സൈന്യം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി മുതൽ പാകിസ്ഥാൻ സൈനികർ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ വെടിയുതിർക്കുകയാണ്. യാതൊരു പ്രകോപനവും കൂടാതെയാണ് ഇവരുടെ ആക്രമണം. വെടിവെപ്പിൽ ആരും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.
ആക്രമണത്തെത്തുടർന്ന്, ജമ്മു കശ്‌മീരിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെയാണ് പാകിസ്ഥാനിൽ നിന്നുള്ള വെടിനിർത്തൽ കരാർ ലംഘനങ്ങൾ പതിവായിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 22ന് ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിൽ പാക് ബന്ധം തെളിയിക്കുന്ന തെളിവുകൾ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം.
ആദ്യഘട്ടത്തിൽ നിർണായകമായ സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കുകയാണ് ഇന്ത്യ ചെയ്‌തത്. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പാകിസ്ഥാൻ ഏറ്റവും അധികം ആശ്രയിക്കുന്നത് സിന്ധുവിനെയും അതിന്റെ പോഷക നദികളെയുമാണ്. അവിടെയാണ് തന്ത്രപരമായ തിരിച്ചടിയുമായി ഇന്ത്യ പാകിസ്ഥാനെതിരെ നടപടി എടുത്തത്.
പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും സൈനിക നയതന്ത്രജ്ഞരെ തിരിച്ചയക്കാനും ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ഇത് കൂടാതെ സാർക്ക് രാജ്യങ്ങൾക്കുള്ള വിസാ ഇളവിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു. പാക് പൗരന്മാരോട് എത്രയും പെട്ടന്ന് ഇന്ത്യ വിട്ടുപോവാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്നുള്ള 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും തെറ്റായ വിവരണങ്ങൾ പ്രചരിപ്പിച്ചതിനുമാണ് വാർത്താ ചാനലുകൾ അടക്കമുള്ള 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ഇടപെടൽ തേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനായി ഈ രാജ്യങ്ങളെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഏപ്രിൽ 22 ഉച്ചയോടെയാണ് ജമ്മു കശ്‌മീരിലെ പ്രധാന ടൂറിസം കേന്ദ്രമായ പഹൽഗാമിൽ ബൈസരൻ വാലി എന്നറിയപ്പെടുന്ന പുൽമേട്ടിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. 26 പേരെയാണ് ആയുധധാരികളായ ഭീകരർ നിർദാക്ഷിണ്യം വധിച്ചത്. ശേഷം ഇവിടെ നിന്ന് കാട്ടിലേക്ക് കയറിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം വ്യാപക തിരച്ചിലാണ് നടത്തി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications