പാകിസ്താന്‍ ഞങ്ങളെ പഠിപ്പിക്കേണ്ട, മലാലയ്ക്ക് വെടിയേറ്റ നാടാണ്, തുറന്നടിച്ച് ഒവൈസി
ദില്ലി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ക്ലാസെടുക്കാന്‍ വന്ന പാകിസ്താന് ചുട്ടമറുപടിയുമായി മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ഒവൈസി പറഞ്ഞു. പാകിസ്താന്‍ മലാലയയെ സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള രാജ്യമാണ് ഇന്ത്യയെ പഠിപ്പിക്കാന്‍ വരുന്നതെന്നും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും ഒവൈസി വ്യക്തമാക്കി. മലാലയെ വെടിവെച്ചിട്ട നാടാണ് പാകിസ്താന്‍. അവരുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആ പാകിസ്താനാണ് ഇന്ത്യയെ ഉപദേശിക്കാന്‍ വരുന്നതെന്നും ഒവൈസി പറഞ്ഞു.

പാകിസ്താനിലുള്ള പ്രശ്‌നങ്ങള്‍ തന്നെ അവര്‍ക്ക് നോക്കാന്‍ ധാരാളമുണ്ട്. ബലൂചിസ്ഥാന്‍ അടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്കുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അതൊക്കെ അവര്‍ നോക്കട്ടെ. ഇത് എന്റെ വീടായ ഇന്ത്യയിലെ പ്രശ്‌നങ്ങളാണ്. അത് ഞങ്ങള്‍ ഇന്ത്യക്കാര്‍ നോക്കിക്കോളാം. പാകിസ്താന്റെ ആവശ്യം ഇവിടെയില്ല. നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പാകിസ്താന്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ടെന്നും ഒവൈസി വ്യക്തമാക്കി. കര്‍ണാടകത്തിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാകിസ്താന്‍ നേരത്തെ പ്രതികരിച്ചത്.
പാകിസ്താന്റെ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയായിരുന്നു ഇന്ത്യക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യ മുസ്ലീം സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുകയാണ്. അവര്‍ക്ക് വിദ്യാഭ്യാസം തന്നെ നിഷേധിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും ഖുറേഷി പറഞ്ഞു. ഹിജാബ് ധരിക്കുന്നവരെ തീവ്രവാദികളാക്കി കാണിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. അവരുടെ മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. ഇന്ത്യ അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഖുറേഷി വ്യക്തമാക്കി. ഇന്ത്യ മുസ്ലീങ്ങളെ കോളനിവത്കരിക്കുകയാണ്. ലോകം ഇത് തിരിച്ചറിയണമെന്നും ഷാ മഹമ്മൂദ് ഖുറേഷി ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഒവൈസി പാകിസ്താന്‍ മന്ത്രിക്ക് മറുപടിയായി പറഞ്ഞു.
കര്‍ണാടകത്തില്‍ ബുര്‍ഖ ധരിച്ചതിന് പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും താന്‍ വിളിച്ച് സംസാരിച്ചതായി ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു. വിദ്യാഭ്യാസത്തിനായുള്ള അവരുടെ പോരാട്ടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ പെണ്‍കുട്ടിയുടെ ധീരമായ പോരാട്ടം നമുക്കെല്ലാവര്‍ക്കും ധൈര്യം പകരുമെന്ന് കരുതുന്നതായും ഒവൈസി പറഞ്ഞു. അതേസമയം സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച നടപടിയെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വീണ്ടും ന്യായീകരിച്ചു. സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. അത് മാത്രമല്ല ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications