'പാക് പ്രധാനമന്ത്രിയുടേത് അസംബന്ധ നാടകം'; ഷെഹ്ബാസ് ഷെരീഫിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫിന്റെ ഭീഷണികൾക്ക് മറുപടിയുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ മറുപടി പറയാനുള്ള അവകാശം വിനിയോഗിച്ച ഇന്ത്യ വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിയുടേത് അസംബന്ധ നാടമായിരുന്നു എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട് ആണ് യുഎൻ പൊതുസഭയിൽ പാകിസ്ഥാന് മറുപടി നൽകിയത്.
സെപ്റ്റംബർ 26 ന് നടന്ന യുഎൻ പൊതുസഭയുടെ 80-ാമത് സെഷനിൽ സംസാരിച്ച പാക് പ്രധാനമന്ത്രി ഷെരീഫ്, ഈ വർഷം ആദ്യം ഇന്ത്യയുടെ പ്രകോപനമില്ലാത്ത ആക്രമണം തന്റെ രാജ്യം സധൈര്യം നേരിട്ടതായി പറഞ്ഞിരുന്നു. പാകിസ്ഥാൻ സായുധ സേന അതിശയിപ്പിക്കുന്ന പ്രൊഫഷണലിസം, ധൈര്യം, ചാതുര്യം എന്നിവയാൽ ആക്രമണത്തെ ചെറുത്തുവെന്നും നിരവധി ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി, പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകര സംഘടന ദി റെസിസ്‌റ്റൻസ് ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനും ഒസാമ ബിൻ ലാദന് അഭയം നൽകിയതിനും പാകിസ്ഥാനെ ഇന്ത്യയുടെ പെറ്റൽ ഗഹ്ലോട്ട് കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ നാടകത്തിനും നുണകൾക്കും സത്യം മറച്ചുവയ്ക്കാൻ സാധിക്കില്ലെന്ന് ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
'ഒരു തരത്തിലുമുള്ള നാടകീയതയ്ക്കും ഒരു തരത്തിലുമുള്ള നുണകൾക്കും വസ്‌തുതകൾ മറച്ചുവെക്കാൻ കഴിയില്ല. 2025 ഏപ്രിൽ 25ന് യുഎൻ സുരക്ഷാ കൗൺസിലിൽ, പാകിസ്ഥാൻ സ്പോൺസർ ചെയ്‌ത ഭീകര സംഘടനയായ ദി റെസിസ്‌റ്റൻസ് ഫ്രണ്ടിനെ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്‌തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിച്ച അതേ പാകിസ്ഥാനാണ് ഇവർ' ഗഹ്ലോട്ട് പറയുന്നു.
ഭീകരതയെ വിന്യസിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും വളരെക്കാലമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ പെറ്റൽ ഗഹ്ലോട്ട് ആരോപിച്ചു. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് നടിക്കുമ്പോഴും, ഒരു ദശാബ്‌ദക്കാലം ഒസാമ ബിൻ ലാദന് അഭയം നൽകിയിരുന്ന സമയത്തെ അവർ ഓർമ്മപ്പെടുത്തി.
മാത്രമല്ല യുഎന്നിൽ പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വരുത്തിയെന്ന് പറഞ്ഞ നഷ്‌ടങ്ങളുടെ വ്യാജ അവകാശവാദങ്ങൾ ഗഹ്ലോട്ട് തള്ളിക്കളഞ്ഞു. മെയ് 10 ന് പാകിസ്ഥാൻ സൈന്യം യുദ്ധം അവസാനിപ്പിക്കാൻ നേരിട്ട് ഞങ്ങളോട് അഭ്യർത്ഥിച്ചുവെന്നും അവിടെ ഉണ്ടായ നാശനഷ്‌ടങ്ങളുടെ ചിത്രങ്ങൾ തെളിവായി ലഭ്യമാണെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ, തകർന്ന റൺവേകളും കത്തിനശിച്ച ഹാംഗറുകളും വിജയം പോലെ തോന്നുന്നുവെങ്കിൽ, പാകിസ്ഥാന് അത് ആസ്വദിക്കാൻ സ്വാഗതം; എന്നായിരുന്നു പെറ്റൽ ഗഹ്ലോട്ട് പരിഹസിച്ചത്. പാകിസ്ഥാനെതിരായ പ്രത്യാക്രമണത്തെ ന്യായീകരിച്ച ഗഹ്ലോട്ട് അത്തരം പ്രവൃത്തികളിൽ നിന്ന് നമ്മുടെ ജനങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിക്കുകയാണ് ചെയ്‌തതെന്ന് വ്യക്തമാക്കി.
ഏറ്റവു ഒടുവിൽ യുഎന്നിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. ട്രംപിന്റെ അവകാശവാദങ്ങൾ അദ്ദേഹവും ആവർത്തിച്ചു. എന്നാൽ ഇത്തരമൊരു സംഭവത്തെ ഇന്ത്യ പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications