പാൻ മസാല പരസ്യം; ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രത്തിന്റെ നോട്ടീസ്...
അലഹബാദ്: പുകയില കമ്പനികളുടെ പരസ്യത്തിൽ അഭിനയിച്ചതിന് പ്രമുഖ നടന്മാരായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (സിസിപിഎ) നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിൽ മറുപടിയായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെയോ വസ്‌തുക്കളുടെയോ പരസ്യങ്ങളിലും, പ്രചാരണത്തിലും സെലിബ്രിറ്റികൾ പ്രത്യേകിച്ച് 'പത്മ അവാർഡ്' ജേതാക്കളായവർ പങ്കെടുക്കുന്നത് സംബന്ധിച്ച വിഷയം ഉന്നയിച്ച് അഭിഭാഷകനായ മോത്തിലാൽ യാദവ് നേരത്തെ ഹർജി സമർപ്പിച്ചിരുന്നു.

2022 സെപ്റ്റംബറിലെ ഉത്തരവ് പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ 2023 ഓഗസ്‌റ്റിൽ കാബിനറ്റ് സെക്രട്ടറി, ചീഫ് കമ്മീഷണർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് കേന്ദ്രം താരങ്ങൾക്ക് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ 20ന് നടന്മാരായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ, ജസ്‌റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
തന്റെ കരാർ അവസാനിപ്പിച്ചിട്ടും പരസ്യം പ്രദർശിപ്പിച്ച പുകയില കമ്പനിക്ക് അമിതാഭ് ബച്ചൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതിയും സമാനമായ കേസ് പരിഗണിക്കുന്നുണ്ടെന്നും അതിനാൽ ഹർജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്‌ച ഹൈക്കോടതിയെ അറിയിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്നത് കോടതി 2024 മെയ് 9ലേക്ക് മാറ്റി.
ഇത്തരം പരസ്യങ്ങളിൽ മുഖം കാണിക്കുന്ന പ്രമുഖ നടന്മാർക്ക് നോട്ടീസ് നൽകാനുള്ള ഹൈക്കോടതിയുടെ തീരുമാനം, ഈ ഉൽപ്പന്നങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയും ഉത്തരവാദിത്തത്തോടെയുള്ള പരസ്യ രീതികളുടെ ആവശ്യകതയും എടുത്തുകാണിക്കുന്നതാണ്.












Click it and Unblock the Notifications