ബലാത്സംഗത്തിന് പഞ്ചായത്തിന്റെ ശിക്ഷ ചെരിപ്പു കൊണ്ടുള്ള അടി
ഫരീദാബാദ്: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ ഹരിയാണയില്‍ ഒരു പഞ്ചായത്ത് വിധിച്ച ശിക്ഷ വിവാദമായി. പതിനിഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു കസിന്‍ സഹോദരന്മാര്‍ക്ക് ചെരിപ്പു കൊണ്ടുള്ള അഞ്ച് അടി നല്‍കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. പ്രതികളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും വിധിയുണ്ട്.
എന്നാല്‍, പഞ്ചാത്തിന്റെ ചെറിയ ശിക്ഷയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മെയ് 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ഫരീദാബാദിലെ സക്കോപുര്‍ ഗ്രാമത്തിലെ പതിനിഞ്ചുകാരിയായ പെണ്‍കുട്ടി തൊട്ടുടുത്തുള്ള വീട്ടില്‍ വെള്ളമെടുക്കാനായി ചെന്നതായിരുന്നു. അവിടെയുണ്ടായിരുന്ന കസിന്‍ സഹോദരന്മാര്‍ പെണ്‍കുട്ടിയെ ബലമായി വീടിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം അറിയിച്ചു. രക്ഷിതാക്കള്‍ സ്ഥലത്തെ പഞ്ചായത്തിലും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ചേര്‍ന്ന പഞ്ചായത്ത് പ്രതികളായ മുന്‍ഫത്, ജാബിദ് എന്നിവര്‍ക്ക് ചെരിപ്പുകൊണ്ടുള്ള അഞ്ച് അടി നല്‍കാനാണ് തീരുമാനിച്ചത്. കൂടാതെ 50,000 രൂപ പിഴയും ആവശ്യപ്പെട്ടു.
എന്നാല്‍ ശിക്ഷയില്‍ തൃപ്തരാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍തന്നെ സമീപത്തെ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുമിത്ര അറിയിച്ചു. പഞ്ചായത്ത് തലവന്മാര്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications