പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ചേക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും
ന്യൂഡൽഹി: പർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിനായിരിക്കും ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ എട്ടാം ബജറ്റ് അവതരണം നടത്തുക. ആദ്യഘട്ട സമ്മേളനം ഫെബ്രുവരി 13 വരെയായിരിക്കും നടക്കുക. ജനുവരി 31ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാവും സമ്മേളനം ആരംഭിക്കുക.
ഹ്രസ്വമായ അവധിക്ക് ശേഷം, സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് രണ്ടാം വാരത്തിനും ഏപ്രിൽ ആദ്യവാരത്തിനും ഇടയിൽ നടക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണ് ഇതിനായി കണ്ടെത്തിയ കാലയളവ്. അങ്ങനെയെങ്കിൽ ഇത്തവണത്തെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ നാല് വരെയുള്ള കാലയളവിൽ നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

സമ്മേളനത്തിന്റെ ആദ്യഭാഗം രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിന്മേൽ ഇരുസഭകളിലും നടന്ന ചർച്ചയിലൂടെ മുന്നോട്ട് നീങ്ങുകയും പാർലമെന്റിന്റെ രണ്ട് സഭകളിലും പ്രധാനമന്ത്രിയുടെ മറുപടിയോടെ അവസാനിക്കുകയും ചെയ്യുന്നു. ഇതിന് ശേഷമാവും രണ്ടാംഘട്ടം ആരംഭിക്കുക.
രണ്ട് തവണ ഇടക്കാല ബജറ്റും ആറ് തവണ സമ്പൂർണ ബജറ്റുമാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ഇത്. അതുകൊണ്ട് തന്നെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഇതിനെ നോക്കി കാണുന്നത്. നികുതി പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എന്തെങ്കിലും കാലാതീതമായ മാറ്റമുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വർധിച്ചുവരുന്ന പണപ്പെരുപ്പം നികത്താൻ കാര്യമായ നികുതിയിളവ് തന്നെയാണ് ഇന്ത്യയിലെ മധ്യ വർഗം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ശമ്പളക്കാരായ വ്യക്തികളിൽ പ്രതീക്ഷകൾ വാനോളം ഉയരുകയും ചെയ്യുന്നു. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ ഇനിയും രണ്ടാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരും. ധനമന്ത്രിയാവട്ടെ ഒരു സൂചനയും നൽകുന്നുമില്ല.
എന്നാൽ ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ നിർണായകമാണ്. നീണ്ട 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് ഭരണം പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമോ എന്നാണ് അറിയാനുള്ളത്.












Click it and Unblock the Notifications