അവിശ്വാസത്തിന് പ്രതിപക്ഷത്തിന് നന്ദി, ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2024ലും ബിജെപി റെക്കോര്‍ഡ് വിജയത്തോടെ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മോദി. അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തിനോട് നന്ദി പറയുന്നു. ഇത് സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന് അധികാരത്തിനോട് ആര്‍ത്തിയാണ്.
ഈ രാജ്യത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഈ പ്രസംഗം ഇന്ത്യയിലെ ജനങ്ങളോടുള്ള തന്റെ ആദരവ് കാണിക്കാനുള്ളതാണ്. അവര്‍ തുടര്‍ന്നും തന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരുടെ വിശപ്പിനെ കുറിച്ച് പ്രതിപക്ഷത്തിന് ചിന്തയില്ല. അവര്‍ അതിനെ കുറിച്ച് ഗൗനിക്കുന്നില്ല. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അവിശ്വാസ പ്രമേയം ഞങ്ങളെ സംബന്ധിച്ച് ഭാഗ്യമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ ജയിക്കുമെന്ന് ഉറപ്പിക്കാനായി എന്നും മോദി പറഞ്ഞു.

ഈ രാജ്യത്തേക്കാള്‍ പ്രതിപക്ഷം വില കല്‍പ്പിക്കുന്നത് അധികാരത്തിനാണ്. അവര്‍ തുടര്‍ച്ചയായി അത് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അഴിമതി പാര്‍ട്ടികള്‍ എല്ലാം ഒന്നായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പരീക്ഷണമാണ് ഇത്. ഈ രാജ്യം നിങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഓരോ തവണയും നിങ്ങള്‍ അവരെ നിരാശപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു.
ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സഭയില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നുവോ എന്നും മോദി പരിഹസിച്ചു. അധീര്‍ ചൗധരിക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും മോദി പറഞ്ഞു. ഭരണപക്ഷം വന്‍ കൈയ്യടികളോടെയാണ് മോദിയുടെ പരാമര്‍ശത്തെ വരവേറ്റത്. രാഹുല്‍ ഗാന്ധിക്കും പരോക്ഷമായ വിമര്‍ശനം മോദിയില്‍ നിന്ന് നേരിട്ടു. പ്രതിപക്ഷം എന്തുകൊണ്ട് തയ്യാറെടുപ്പുകളോടെ സഭയിലേക്ക് വരുന്നില്ല. അഞ്ച് വര്‍ഷം അവര്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ ഞാന്‍ നല്‍കി. എന്നിട്ടും അവര്‍ തയ്യാറെടുപ്പുകള്‍ നടത്താതെയാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തെ തന്നെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയാവും. പ്രതിപക്ഷം പൊതുമേഖലാ ബാങ്കുകള്‍, എച്ച്എഎല്‍, എല്‍ഐസി എന്നിവയെ തള്ളിപ്പറഞ്ഞവരാണ്. അവയെല്ലാം നശിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ഇവയെല്ലാം ഇപ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രഹസ്യമായ ഒരു അനുഗ്രഹമുണ്ട്. അവര്‍ മോശമെന്ന് കരുതുന്നവര്‍ക്ക് നല്ലതേ സംഭവിക്കൂ. ഞാനാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഒട്ടകപക്ഷിയുടെ അതേ സ്വഭാവമാണ് പ്രതിപക്ഷത്തിന്. അവര്‍ കറുപ്പ് ധരിച്ച് വന്നതില്‍ സന്തോഷമുണ്ട്. അത് കണ്ണുതട്ടാതിരിക്കാന്‍ സഹായിക്കുമെന്നും മോദി പരിഹസിച്ചു.












Click it and Unblock the Notifications