തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് വെടിയേറ്റു
പത്താന്‍കോട്ട്: സെല്‍ഫിഭ്രമം ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്ത്യയില്‍ നിന്നും വീണ്ടും സെല്‍ഫി അപകടം റിപ്പോര്‍ട്ടു ചെയ്തു. പത്താന്‍കോട്ടുകാരനായ വിദ്യാര്‍ഥിക്കാണ് സെല്‍ഫി എടുക്കുന്നതിനിടെ പരിക്കേറ്റത്. അമന്‍ദീപ് സിങ് എന്ന വിദ്യാര്‍ഥി തലയിലേക്ക് തോക്കുചൂണ്ടിയശേഷം സെല്‍ഫിയെടുക്കുന്നതിനിടെ തോട്ട് അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണ് സൂചന.
സെല്‍ഫി എടുക്കാന്‍ മൊബൈല്‍ ഫോണ്‍ ക്ലിക്ക് ചെയ്യുന്നതിനു പകരം തോക്കിന്റെ കാഞ്ചിവലിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അച്ഛന്റെ തോക്കുപയോഗിച്ചായിരുന്നു പതിനഞ്ചുകാരന്റെ സെല്‍ഫി ശ്രമം. തലയ്ക്ക് വെടിയേറ്റ വിദ്യാര്‍ഥി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അടിയന്തിരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവ സമയത്ത് അമന്‍ ദീപും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വെടിയൊച്ചകേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോണ്‍ട്രാക്ടറായ ഗുര്‍കിര്‍പാലിന്റെ മകനാണ് അമന്‍ദീപ്. തോക്കിന് ലൈസന്‍സ് ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗുര്‍കിര്‍പാലിന്റെ കാറിന്റെ ചില്ലു തകര്‍ന്നത് സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍, ധൃതിയില്‍ കാറിന്റെ താക്കോല്‍ മറന്നതിനാല്‍ തല്ലിത്തകര്‍ത്തതാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications