പവന്‍ കല്യാണിന്റെ മുന്‍ഭാര്യക്കെതിരെ ഫാന്‍സ് വെട്ടുകിളികള്‍, വീണ്ടും വിവാഹം കഴിച്ചാല്‍ കൊന്നുകളയും
ഹൈദരാബാദ്: സിനിമയിലെ താരവിവാദം ഇങ്ങ് കേരളത്തില്‍ മാത്രമല്ല അങ്ങ് ആന്ധ്രപ്രദേശിലും കത്തിക്കൊണ്ടിരിക്കുകയാണ്. തെലുഗിലെ മെഗാസ്റ്റാര്‍ പവന്‍ കല്യാണിന്റെ മുന്‍ ഭാര്യയാണ് ഇപ്പോള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പവന്‍ കല്യാണിന്റെ ആരാധകര്‍ കാരണം തനിക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്ന് അവര്‍ പറയുന്നു. തനിക്കെതിരെ തെറിവിളികളും കൊലവിളികളും ഒരുപോലെ വരുന്നുണ്ടെന്ന് അവര്‍ പറയുന്നു.
അതേസമയം തെലുഗിലെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ പവന്‍ കല്യാണ്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളാണ് പവന്‍ കല്യാണ്‍ മുന്‍ ഭാര്യ രേണു ദേശായിയുമായി നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ആരാധകര്‍ ഇവരോട് തീര്‍ക്കുന്നതെന്നും സൂചനയുണ്ട്. സംഭവത്തില്‍ ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

രണ്ടാം വിവാഹം
രേണു ദേശായി വീണ്ടും കല്യാണം കഴിക്കാന്‍ പോകുന്നതാണ് വെട്ടുകിളി സംഘത്തിന് പ്രശ്‌നമായിരിക്കുന്നത്. പവന്‍ കല്യാണിനെ ഉപേക്ഷിച്ച് പോയ നീ ഇനിയും വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നാണ് ഇവരുടെ ചോദ്യം. അതേസമയം തനിക്ക് വധഭീഷണി വരെ സോഷ്യല്‍ മീഡിയയിലൂടെ വരുന്നുണ്ടെന്ന് രേണു പറഞ്ഞു. നേരത്തെ ഇക്കാര്യത്തില്‍ താന്‍ മിണ്ടാതിരുന്നതാണെന്നും എന്നാല്‍ ആരാധന അതിരുകടക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. വിവാഹവുമായി മുന്നോട്ട് തന്നെ പോവുമെന്നാണ് ഇവര്‍ പറയുന്നത്.

പവനെ കുറിച്ച് നല്ലത് മാത്രം
തനിക്ക് പവന്‍ കല്യാണിനെ കുറിച്ച് മോശപ്പെട്ടതൊന്നും പറയാനില്ല. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വിവാഹ മോചനത്തിന് മുന്‍കൈയ്യെടുത്തത് പവന്‍ കല്യാണ്‍ തന്നെയാണ്. താന്‍ തുടക്കത്തില്‍ ഇതിനായി വാശിപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ വിവാഹ മോചനത്തിന് തയ്യാറായി. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ വലിയൊരു ഗ്യാപ് ഉണ്ടായി. പിന്നീട് ജീവിതത്തില്‍ ഒരുമിച്ച് പോകാനാവാത്ത അവസ്ഥയുണ്ടായെന്നും രേണു പറഞ്ഞു.

പച്ചത്തെറി വിളിക്കുന്നത് സ്ത്രീകള്‍
എനിക്ക് രാവിലെ മുതല്‍ വളരെ മോശം സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച് കൊണ്ടിരുന്നത്. നേരിട്ട് വിളിക്കുക പോലും ഉണ്ടായി. ഇതെല്ലാം പവന്‍ കല്യാണിന്റെ സ്ത്രീ ആരാധകരില്‍ നിന്നാണ്. ഞാനവരോട് ചോദിച്ചത് ഒറ്റക്കാര്യമാണ്. 11 വര്‍ഷം ഒരാളുടെ ഭാര്യയായി കഴിഞ്ഞതിന് ശേഷം പവന്‍ കല്യാണ്‍ മറ്റൊരു കുട്ടിയുടെ അച്ഛനാണ് എന്ന് കണ്ടെത്തിയാല്‍ നിങ്ങളുടെ സ്ഥാനത്താണെങ്കില്‍ എന്തു ചെയ്യുമെന്ന് ഇവര്‍ ചോദിക്കുന്നു. പവന്‍ കല്യാണിന് വേറൊരു മകളുണ്ടെന്ന കാര്യം അദ്ദേഹം എന്നോട് പറയുക പോലും ചെയ്തില്ലെന്നും ഇതെങ്ങനെയാണ് ഒരാള്‍ക്ക് സഹിക്കാനാവുകയെന്നും രേണു ചോദിക്കുന്നു.

പവന്‍ അക്കാര്യം നിരസിച്ചു
വിവാഹ മോചന വാര്‍ത്ത നമുക്ക് ഒരുമിച്ച് മാധ്യമങ്ങളോട് പറയാമെന്ന് ഞാന്‍ പവന്‍ കല്യാണിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിച്ച് കളഞ്ഞു. അദ്ദേഹം മൂന്നു തവണ വിവാഹം ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ആരാധകര്‍ക്ക് അദ്ദേഹമിപ്പോഴും സൂപ്പര്‍ ഹീറോയാണ്. ഇപ്പോള്‍ ഞാന്‍ വിവാഹം ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എതിര്‍പ്പ്. കടുത്ത സ്ത്രീവിരുദ്ധമായ പോസ്റ്റുകളാണ് തനിക്കെതിരെ വരുന്നത്. തന്നെ അപമാനിക്കുന്ന തരത്തിലാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രണമണം നടത്തുന്നതെന്നും രേണു പറഞ്ഞു.

എന്റെ ബന്ധുക്കള്‍ പോലും തകര്‍ന്നു
മെസേജുകള്‍ പലതും വ്യക്തപരമായതോടെ തന്റെ ബന്ധുക്കള്‍ പോലും തളര്‍ന്ന് പോയി. എന്റെ മാനേജര്‍ ഈ മെസ്സേജുകള്‍ പലതും കണ്ട് ഞെട്ടലിലാണ്. ഇവര്‍ക്കെതിരെ പോരാടാനാണ് ഇപ്പോഴത്തെ എന്റെ തീരുമാനം. ഞാന്‍ ആരെയും വഞ്ചിക്കുകയോ എന്തെങ്കിലും കുറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. വിവാഹം ചെയ്യാന്‍ പോകുന്നു എന്നതാണ് കാര്യം. വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങളുള്ളവരാണ് തനിക്കെതിരെ ആക്രമണം നടത്തുന്നത്. അവര്‍ വീട്ടിലെ സ്ത്രീകളോടും ഇത്തരത്തിലായിരിക്കും പെരുമാറുന്നതെന്നും രേണു പറഞ്ഞു.












Click it and Unblock the Notifications