പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചയും ചോര്‍ത്തി; കേന്ദ്രത്തിനെതിരെ മമത ബാനര്‍ജി
കൊല്‍ക്കത്ത: ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ-സാംസ്‌കാരിക നായകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ കേന്ദ്രത്തിനെതിരെ മമത ബാനര്‍ജിയും. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള യോഗത്തിന്റെ വിവരങ്ങള്‍ കേന്ദ്രം ചോര്‍ത്തിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. പാര്‍ലമെന്റിനെ ഇരുസഭകളിലും പെഗാസസ് വിവാദം ഇന്നും ചൂടേറിയ ചര്‍ച്ചയായി.
രാജ്യസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസംഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടു. മന്ത്രിയുടെ കൈയ്യിലുണ്ടായിരുന്ന പ്രസംഗം എഴുതിയ കടലാസ് തൃണമൂല്‍ അംഗം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. തൃണമൂല്‍ എംപി ശാന്തനു സെന്നിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചതോടെ സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവച്ചു. ഒടുവില്‍ ബഹളത്തെ തുടര്‍ന്ന് സഭ നാളെത്തേക്ക് പിരിഞ്ഞു.

മന്ത്രിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, ബിസിനസുകാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരടക്കം 300ലധികം പേരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ കണ്‍സോര്‍ഷ്യം കഴിഞ്ഞ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംഭവം വലിയ വിവാദമായി. സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടര്‍ച്ചയായ മൂന്ന് ദിവസമായി സഭയില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടെയാണ് മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളെയും മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സര്‍ക്കാരിന് വിശ്വാസമില്ലെന്ന് മമത കുറ്റപ്പെടുത്തി. അതുകൊണ്ടാണ് രഹസ്യമായി ഫോണ്‍ ചോര്‍ത്തുന്നതെന്നും മമത ആരോപിച്ചു. ചില ആര്‍എസ്എസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയെന്നും മമത പറഞ്ഞു. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ചോര്‍ത്തിയെങ്കില്‍ എന്റെ ഫോണും ചോര്‍ത്താന്‍ കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആ ഫോണ്‍ എന്തു ചെയ്യും. ഫ്രിഡ്ജില്‍ വെക്കണോ, നശിപ്പിക്കണോ... ഇതുകൊണ്ട് പരിഹാരമാകുമോ. പെഗാസസ് ചോര്‍ത്തല്‍ വലിയ ഗൂഢാലോചനയാണ്. പ്രതിഷേധം പ്രകടിപ്പിക്കാനാണ് ഫോണില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചതെന്നും മമത പറഞ്ഞു.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications