ജൂണ്‍ നാലിന് വെള്ളം കരുതിക്കോ, ധാരാളം കുടിക്കാനുണ്ടാവും; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ബിജെപിയുടെ സീറ്റ് പ്രവചനത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കും പ്രതിപക്ഷത്തെയും പരിഹസിച്ച് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം താന്‍ പ്രവചിച്ചതിന് പിന്നാലെ ചിലര്‍ ഭയന്ന് വിറച്ചിരിക്കുകയാണ്. വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കാരണം അത് മനസ്സിനെയും ശരീരത്തെയും ഉന്മേഷത്തോടെ നിലനില്‍ക്കാന്‍ സഹായിക്കും.
എന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കേട്ട് ഭയന്നുവിറച്ചവര്‍ ധാരാളം വെള്ളം കൈയ്യില്‍ കരുതുക. അവര്‍ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ധാരാളം വെള്ളം കുടിക്കാനുണ്ടാവുമെന്നും പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. കിഷോറിന്റെ പ്രവചനങ്ങള്‍ തെറ്റാറുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ബിജെപി 300 സീറ്റില്‍ വിജയിക്കുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം. എന്നാല്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രവചനത്തെ തള്ളി രംഗത്തെത്തിയിരുന്നു. പ്രവചനത്തിന് ആധികാരികയില്ലെന്നായിരുന്നു വിമര്‍ശനം. പ്രശാന്തിന്റെ മുന്‍ പ്രവചനങ്ങളെ ഉയര്‍ത്തി കാണിച്ചായിരുന്നു വിമര്‍ശം. 2022 മെയില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം.
എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. പക്ഷേ ഗുജറാത്തില്‍ പ്രശാന്ത് പ്രവചിച്ചത് പോലെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. നേരത്തെ കരണ്‍ താപറുമായുള്ള അഭിമുഖത്തില്‍ ഇതിനെല്ലാം പ്രശാന്ത് മറുപടി പറഞ്ഞിരുന്നു. ഹിമാചലില്‍ കോണ്‍ഗ്രസ് തകരുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് കിഷോര്‍ പറഞ്ഞു.
താന്‍ കോണ്‍ഗ്രസ് തകരുമെന്ന് പറഞ്ഞതിന് തെളിവായി വീഡിയോ നല്‍കാനും അദ്ദേഹം കരണ്‍ ഥാപ്പറിനോട് ആവശ്യപ്പെട്ടു. തന്റെ പേരില്‍ വന്ന ഓണ്‍ലൈന്‍ ന്യൂസ് ആര്‍ട്ടിക്കിളുകളെ കിഷോര്‍ തള്ളി. വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ ഈ പണി താന്‍ നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു. തെളിവായി വാര്‍ത്തകളെ കാണാനാവില്ല.
ദിനപത്രങ്ങള്‍ക്ക് എന്തും പ്രസിദ്ധീകരിക്കാം. താന്‍ വാക്കാല്‍ എന്തെങ്കിലും പറഞ്ഞതായി ആര്‍ക്കെങ്കിലും തെളിവ് കാണിക്കാനാവുമോ? യഥാര്‍ത്ഥ പ്രസ്താവനയുടെ വീഡിയോ കാണിക്കാനും കിഷോര്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന് ഇപ്പോഴുള്ള അത്ര തന്നെ സീറ്റുകളോ അതല്ലെങ്കില്‍ കൂടുതലോ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു കിഷോറിന്റെ പ്രവചനം.
ഇന്ത്യ സഖ്യം ബിജെപിയെ പരാജയപ്പെടുത്താനുള്ള സാധ്യതകളെയും പ്രശാന്ത് കിഷോര്‍ നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഇത് മൂന്നാമത്തെ അവസരമാണ് പാഴാക്കി കളയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഇന്ത്യ സഖ്യം തയ്യാറായില്ല.
പ്രതിപക്ഷത്തെ ഇക്കാര്യവും പറഞ്ഞാണ് പ്രധാനമന്ത്രിയും ബിജെപിയും ആക്രമിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ അഞ്ച് പ്രധാനമന്ത്രിയെ ഇന്ത്യ സഖ്യം നിയമിക്കുമെന്നായിരുന്നു മോദി ആരോപിച്ചത്. എന്നാല്‍ അതിനെ നേരിടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും ഇന്ത്യ സഖ്യം തയ്യാറായില്ലെന്നും കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications