രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറയുക, നാളെ മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കാര്യമായ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
വിലക്കുറവ് പ്രഖ്യാപിച്ചതിനൊപ്പം നരേന്ദ്ര മോദി സർക്കാരിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്‌തു. പെട്രോൾ, ഡീസൽ വിലകൾ 2 രൂപ കുറച്ചതിലൂടെ, കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമമാണ് എപ്പോഴും തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഒരിക്കൽ കൂടി തെളിയിക്കുകയാണ് എന്നായിരുന്നു മന്ത്രി ട്വീറ്റിൽ കുറിച്ചത്.

അതേസമയം, പുതുക്കിയ വില മാർച്ച് 15 (വെള്ളിയാഴ്‌ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ധനവിലയിലും കുറവ് വരുത്തിയിരിക്കുന്നത്.എണ്ണ കമ്പനികളാണ് നിലവിൽ പെട്രോള്‍, ഡീസല്‍ വില കുറച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നികുതി ഇനത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. എന്നാൽ വിലയിൽ കുറവുണ്ടായി വിവരം പ്രഖ്യാപിച്ചതാവട്ടെ കേന്ദ്ര സർക്കാരുമാണ്. ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാർ ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് ശതമാനത്തിന്റെ കുറവാണു പ്രഖ്യയോജിച്ചത്.
കേന്ദ്ര സർക്കാരിന്റെ പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന ധാരണയാണ് എന്നതാണ് പ്രാഥമിക നിഗമനം. രാജിവച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിനും, വിരമിച്ച അംഗത്തിനും പകരം പുതിയ രണ്ട് പേരെ ഇന്ന് കമ്മീഷനിൽ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവിലയിൽ കുറവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്.
പെരുമാറ്റ ചട്ടം വരുന്നതിന് മുൻപ് തന്നെ ഇളവ് വരുത്തുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി പൊതുമേഖലാ ചില്ലറ വ്യാപാരികൾ ഇന്ധനവിലയിൽ യാതൊരു കുറവും വരുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനാവും ബിജെപിയുടെ തീരുമാനം. കൂടാതെ രാജസ്ഥാൻ സർക്കാരിന്റെ ചുവടുപിടിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications